കോട്ടയം: പാലാ സീറ്റുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയില്‍ തര്‍ക്കം ശക്തമാകുന്നതിനിടെ ഇന്ന് നടക്കുന്ന എന്‍സിപിയുടെ പൊതുപരിപാടി ഉദ്ഘാടനം ചെയ്യാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തുന്നത് ചര്‍ച്ചയാവുന്നു. പാലാ സീറ്റ് ജോസ് കെ മാണിക്ക് വിട്ട് നല്‍കില്ലെന്ന് പല തവണ ആവര്‍ത്തിച്ച എന്‍സിപിയുടെ നിലപാട് എല്‍ഡിഎഫ് അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് സൂചനയാണ് മുമ്പ് ഉണ്ടായിരുന്നത്. തര്‍ക്കത്തില്‍ എന്‍സിപി എല്‍ഡിഎഫ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും ശക്തിപ്പെട്ടിട്ടുണ്ട്. എന്‍സിപി കോട്ടയം ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന തോമസ് ചാണ്ടി അനുസ്മരണ യോഗത്തിലാണ് ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നത്.

പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ എന്‍സിപി ഉറച്ച് നില്‍ക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് ഒരു പാര്‍ട്ടിയുടെ വിജയമല്ല മുന്നണിയുടെ വിജയമാണെന്നായിരുന്നു എന്‍സിപി നേതൃത്വത്തിന്റെ അഭിപ്രായം. ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന സമയത്ത് തഴയപ്പെട്ടുവെന്ന ആരോപണവും എന്‍സിപി ഉന്നയിച്ചിരുന്നു.

പാലാ സീറ്റ് വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പനും പാലാ സീറ്റ് കിട്ടാതെ ഏത് സീറ്റ് കീട്ടിയിട്ടും കാര്യമില്ലെന്ന കേരള കോണ്‍ഗ്രസും നിലപാടെടുത്തതോടെ പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് ഉമ്മന്‍ചാണ്ടി എന്‍സിപിയുടെ പൊതു പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നത്.