തിരുവനന്തപുരം: ഓണക്കിറ്റില്‍ ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ വിതരണം ചെയ്‌തെന്ന് തെളിഞ്ഞിട്ടും കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാതെ സപ്ലൈക്കോ. വിതരണക്കാരെ ഉടന്‍ കരിമ്പട്ടികയില്‍ പെടുത്താനും, പിഴ ഈടാക്കാനും വ്യവസ്ഥ ഉള്ളപ്പോഴാണ് നടപടിയെടുക്കുന്നതില്‍ കാലതാമസം. പരാതികളുണ്ടായ സാഹചര്യത്തില്‍ ഓണക്കിറ്റിലെ പപ്പടം കൂടി പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ടെന്നും ഇതിന്റെ ഫലം വന്നശേഷം കമ്പനികള്‍ക്കെതിരെ നടപടി തീരുമാനിക്കുമെന്നുമാണ് സപ്ലൈക്കോ സിഎംഡിയുടെ വിശദീകരണം.

ആലുവ അശോകപുരത്തെ കൊച്ചിന്‍ ബാങ്ക് കവലയിലെ റേഷന്‍ കടയില്‍ നിന്നാണ് ചുണങ്ങന്‍വേലി സ്വദേശി പി കെ അസീസ് ഓണക്കിറ്റ് വാങ്ങിയത്. പായസത്തിന് ചേര്‍ക്കാന്‍ ശര്‍ക്കരയെടുത്തപ്പോള്‍ കിട്ടിയത് രണ്ട് കഷ്ണം കുപ്പിച്ചില്ലുകള്‍. അസീസിനെ പോലെ നിരവധി പേര്‍ക്കാണ് ദുരനുഭവമുണ്ടായത്.

സംസ്ഥാനത്ത് വിതരണത്തിനായി തയ്യാറാക്കിയ 75 ശതമാനത്തിലധികം ഓണക്കിറ്റുകളും ഉപഭോക്താക്കളുടെ വീടുകളിലെത്തി. ഓണവും കഴിഞ്ഞു. നിലവാരം പോരെന്ന പരാതി ഏറെ കേട്ടത് ശര്‍ക്കരയിലും,പപ്പടത്തിലും. പരാതികള്‍ വ്യാപകമാകുമ്പോഴും ഈ ഉത്പന്നങ്ങള്‍ വിതരണത്തിനായി എത്തിച്ച കമ്പനികള്‍ക്കെതിരെ ഒരു നടപടിയുമായിട്ടില്ല. വിതരണത്തിനായി എത്തിച്ച 500 ലോഡ് ശര്‍ക്കരയില്‍ നിന്ന്, സംശയം തോന്നിയ 71 സാമ്പിളുകളാണ് സപ്ലൈക്കോ പരിശോധനകള്‍ക്കായി അയച്ചത്. ഇതില്‍ 35 ലോഡുകളും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി. മാര്‍ക്കറ്റ് ഫെഡ് എത്തിച്ച ശര്‍ക്കരയും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഗുരുതര ക്രമക്കേട് നടത്തിയ വിതരണക്കാര്‍ക്കെതിരെ ഒരു അടിയന്തര നടപടിയും ഇത് വരെയും സപ്ലൈക്കോയില്‍ തുടങ്ങിയിട്ടില്ല.

സ്‌കൂള്‍ കിറ്റ് വിതരണത്തിനുള്ള ഇ ടെണ്ടര്‍ നടപടികള്‍ക്ക് തുടക്കമായി. മാത്രമല്ല വരുന്ന നാല് മാസം കൂടി ഭക്ഷ്യകിറ്റ് വിതരണം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. കുറ്റക്കാരായ കമ്പനികള്‍ക്കെതിരായ നടപടികളില്‍ മെല്ലപ്പോക്ക് തുടര്‍ന്നാല്‍ ഇനി വരുന്ന കിറ്റുകളിലും മായം ചേര്‍ക്കാനായി അവരെത്തും.