ബംഗളൂരു: ബെംഗളൂരുവില്‍ സോളാര്‍ കേസില്‍ നിന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി.

ഉമ്മന്‍ചാണ്ടിക്കെതിരെ ബംഗളൂരുവിലെ വ്യവസായി എം.കെ കുരുവിള നല്‍കിയ സോളാര്‍ കേസില്‍ ബെംഗളൂരു സിറ്റി സിവില്‍ കോടതിയുടേതാണ് വിധി. കേസില്‍ അഞ്ചാം പ്രതിയായിരുന്നു ഉമ്മന്‍ചാണ്ടി.

നാനൂറ് കോടിയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധുവുള്‍പ്പെടെയുളളവര്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് കേസ്. നേരത്തെ ഈ കേസില്‍ ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുളള പ്രതികള്‍ പിഴയടക്കണമെന്നായിരുന്നു കോടതി വിധിച്ചിരുന്നത്.

എന്നാല്‍, സോളാര്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേള്‍ക്കണമെന്നുമുളള ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ പങ്കില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം അംഗീകരിച്ചാണ് ഇപ്പോള്‍ കോടതിയുടെ വിധി. കേസില്‍ വാദം കേട്ട കോടതി പ്രതിപട്ടികയില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി.