കോഴിക്കോട്: കനോലി കനാല്‍ ശുചീകരണ യജ്ഞം ‘ഓപ്പറേഷന്‍ കനോലി കനാല്‍’ ജനുവരി ഒന്നിന് മുമ്പായി പൂര്‍ത്തികരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതിന്റെ മുന്നോടിയായി നവംബര്‍ ഒന്നിന് കൗണ്‍ഡൗണ്‍ ആരംഭിക്കും. ഇതിനായി രാവിലെ ഒന്‍പത് മണിക്ക് സരോവരം ബയോപാര്‍ക്കില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തുകൂടും. നവംബര്‍ എട്ടിന് വിശദമായ അവലോകന യോഗം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ചേരാനും തീരുമാനമായി. രണ്ടാഴ്ച കൂടുമ്പോള്‍ കനാലിലെ വെള്ളം പരിശോധിക്കാന്‍ സി. ഡബ്ല്യു.ആര്‍.ഡി.എം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വാച്ച് മാന്‍ ടവര്‍, ക്യാമറകള്‍ എന്നിവ സ്ഥാപിക്കാന്‍ നടപടിയെടുക്കും.

നഗര ഹൃദയത്തിലൂടെ കടന്നുപോകുന്ന കനോലി കനാലിന്റെ പ്രതാപം വീണ്ടെടുക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും വേങ്ങേരി നിറവിന്റെ സഹകരണത്തോടെ നടത്തുന്ന ഓപ്പറേഷന്‍ കനോലി കനാല്‍ ശൂചീകരണയജ്ഞത്തിന്റെ ആദ്യ ഘട്ടത്തിന് കഴിഞ്ഞ ആഗസ്റ്റിലാണ് തുടക്കമായത്.

30 ദിവസം നീളുന്ന കര്‍മ്മ പരിപാടിയായിരുന്നു ആദ്യ ഘട്ടം. കനാലില്‍ അടിഞ്ഞു കൂടുന്ന മാലിന്യം നീക്കി ഒഴുക്ക് നേരെയാക്കുകയാണ് ആദ്യഘട്ടം. എരഞ്ഞിക്കല്‍ മുതല്‍ കല്ലായ് വരെയുള്ള വിവധ പ്രദേശങ്ങളില്‍ വിവിധ സംഘടകള്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. പൊതുജനപങ്കാളിത്തോടെയാണ് കനാല്‍ ശുചീകരിക്കുന്നത്. കനാല്‍ ആഴം കുറഞ്ഞതിനാല്‍ മഴക്കാലത്തുണ്ടാക്കുന്ന അധികജലം ഉള്‍ക്കൊളളാനാകാത്തെ വെളളപ്പൊക്കമുണ്ടാവുന്നു. കനാലില്‍ 178 സ്ഥലങ്ങളില്‍ മലിനജലം കുഴലുകള്‍ സ്ഥാപിച്ചതായും 30 പ്രധാന ഓവുചാലുകള്‍ കനാലുമായി ബന്ധിപ്പിച്ചിട്ടുളളതായും കണ്ടെത്തിയിട്ടുണ്ട്. കല്ലായി മൂര്യാട് ഭാഗത്തെ ചെളി നീക്കം ചെയ്യാന്‍ ഇറിഗേഷന്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.

11.2 കിലോമീറ്റര്‍ നീളമുളള കനാലി കനാല്‍ ദേശീയ ജലപാതയുടെ പ്രധാനഭാഗമാണ്. കനാല്‍ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. കനാല്‍ ശുചീകരിച്ച ശേഷം വിവിധ പ്രദേശങ്ങളില്‍ മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കും. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. കനാലിന്റെ ഇരുകരകളിലുമുള്ള റെസിഡന്‍ഷ്യല്‍ അസ്സോസിയേഷനുകളുടെ സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തീകരിക്കുക.

കനാല്‍ ആഴംകൂട്ടി സൗന്ദര്യവല്‍ക്കരിക്കുന്നതിന് പദ്ധതി തയ്യാറാക്കും. 14 മീറ്റര്‍ വീതിയില്‍ കനാല്‍ നവീകരിക്കാനാണ് ലക്ഷ്യം. ശുചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാവുന്നതോടെ കനാലിന്റെ പ്രതാപം വീണ്ടെടുക്കാനാവും.

മേയറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി. ജോസ്, ഡോ. ആര്‍.എസ്. ഗോപകുമാര്‍, ബാബുരാജ്, എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, കെ.കെ. സത്യന്‍, കെ. രന്‍ജിത്ത്, ബാബു പറമ്പത്ത്, പി.എസ്. ഹരികുമാര്‍, പി.സി.ബി എഞ്ചിനീയര്‍ ഷബ്‌ന ഘുഷി ശേഖര്‍ പങ്കെടുത്തു.