കോഴിക്കോട്: നഗരത്തേയും സമീപ പ്രദേശങ്ങളേയും വെള്ളപ്പൊക്ക ദുരിതത്തിലാക്കി കല്ലായി പുഴ കയ്യേറിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുവാന്‍ കല്ലായി പുഴ സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. കോഴിക്കോട് നഗരത്തിലെയും ഉള്‍പ്രദേശങ്ങളിലേയും മുഴുവന്‍ വെള്ളവും അറബികടലിലേക്ക് ഒഴുകി പോകേണ്ട കല്ലായി പുഴയില്‍ ഉണ്ടായ കയ്യേറ്റമാണ് വെള്ളപൊക്കത്തിന് കാരണമായത്. പുഴയിലെ കയ്യേറ്റം കാരണം പുഴ കപ്പി കഴുത്ത് പോലെ ചുരുങ്ങി മഴ വെള്ളത്തിന് ശക്തിയായി കടലിലേക്ക് ഒഴുകുന്നതിനുള്ള തടസ്സം സൃഷ്ടിച്ചു.
താഴ്ന്ന പ്രദേശങ്ങളില്‍ മഴ വെള്ളം കെട്ടി നിന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ വീടുകള്‍ വെള്ളത്തിലായി. 2 ദിവസം മാത്രം കോഴിക്കോട് നഗരത്തില്‍ പെയ്ത ശക്തമായ മഴ ദിവസങ്ങള്‍ നീണ്ടുപോയിരുന്നുവെങ്കില്‍ നഗരം വന്‍ പ്രളയ ദുരന്തത്തെ നേരിടേണ്ടി വരുമായിരുന്നു. സര്‍ക്കാര്‍ സംവിധാനത്തില്‍ സര്‍വ്വേ നടത്തിയപ്പോള്‍ കല്ലായി പുഴയുടെ തീരങ്ങള്‍ സര്‍ക്കാര്‍ പുഴ പുറംമ്പോക്കാണെന്ന് കണ്ടെത്തുകയും പുഴയിലും നിരവധി സ്ഥലങ്ങള്‍ മണ്ണിട്ട് നികത്തിയത് കണ്ടെത്തുകയും ചെയ്തിരുന്നു. സര്‍വ്വെ നടത്തിയ സ്ഥലങ്ങളില്‍ സര്‍വ്വെ കല്ലുകള്‍ സ്ഥാപിച്ചത് രാത്രിയുടെ മറവില്‍ കയ്യേറ്റക്കാര്‍ നീക്കം ചെയ്തപ്പോള്‍ ജില്ലാ ഭരണകൂടവും കോഴിക്കോട് കോര്‍പ്പറേഷനും ചേര്‍ന്നു ‘ജെണ്ട’ കെട്ടാനുള്ള പ്രവൃത്തി കയ്യേറ്റക്കാര്‍ ചേര്‍ന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.
ഇതിന് ചില ഉദേ്യാഗസ്ഥര്‍ സൗകര്യവും ചെയ്തു കൊടുത്തതായി സംരക്ഷണ സമിതി ആരോപിച്ചു. മര വ്യവസായത്തിന്റെ മറവിലാണ് പുഴയിലും പുഴ തീരങ്ങളിലും കയ്യേറ്റങ്ങള്‍ നടന്നത്. കല്ലായിയില്‍മര മില്ലുകള്‍ നിലനിന്നിരുന്ന നിരവധി സ്ഥലങ്ങള്‍ മണ്ണിട്ട് നികത്തി ഗോഡൗണുകളാക്കിയുട്ടുണ്ട്. സര്‍ക്കാര്‍ നേരത്തെ ലിസിന് (പാട്ടത്തിന്) നല്‍കിയ സര്‍ക്കാര്‍ പുഴ പുറമ്പോക്ക് ഭൂമികള്‍ വ്യാജ പ്രമാണങ്ങള്‍ തയ്യാറാക്കി സ്വന്തമാക്കിയവര്‍ നിരവധിയാണെന്ന് സര്‍വ്വെയില്‍ കണ്ടെത്തിയിട്ടുണ്ട്. വ്യാജ പ്രമാണങ്ങളുണ്ടാക്കിയ വരില്‍ പലരും ഭുമി മറ്റു വ്യക്തികള്‍ക്ക് മറിച്ചുവില്‍പനയും നടത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ഗ.ഘ.ഇആക്ട് (കേരള ലാന്റ് കണ്‍സര്‍വെന്‍സി) പ്രകാരം നടപടി സ്വീകരിക്കണം.
കല്ലായി പുഴ നവീകരണത്തിന് റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് 4.92 ലക്ഷം രൂപ അനുവദിച്ചിട്ട് എട്ട് വര്‍ഷം കഴിഞ്ഞു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും കരാറുകാരനെ സ്വാധീനിച്ചും പുഴ നവീകരണ പ്രവൃത്തിക്ക് കയ്യേറ്റക്കാര്‍ തുരങ്കം വെക്കുകയായിരുന്നു.
മൂന്ന് കിലോമീറ്റര്‍ നീളത്തിലും 50 മീറ്റര്‍ വീതിയിലും ഒരു മീറ്റര്‍ ആഴത്തിലും പുഴ നവീകരണ പ്രവൃത്തി ആരംഭിച്ചാല്‍ പുഴയില്‍ കയ്യേറികെട്ടിയ കെട്ടിടങ്ങള്‍ തകര്‍ന്നു പോകുമെന്ന് മനസ്സിലാക്കിയാണ് നവീകരണ പ്രവൃത്തിക്ക് തുരങ്കം വെച്ചത്. ലീസ് നിലവിലില്ലാത്തതിനാല്‍ ലക്ഷങ്ങളുടെ റവന്യൂ വരുമാനമാണ് സര്‍ക്കാറിന് നഷ്ടമാകുന്നത്.
കനോലി കനാല്‍ എത്ര ശുചീകരിച്ചാലും കല്ലായി പുഴ കയ്യേറ്റം തടയാതെയും പുഴയുടെ നവീകരണ പ്രവൃത്തി നടക്കാതെയും കോഴിക്കോടിനെ രക്ഷിക്കാന്‍ സാധിക്കില്ല. കോഴിക്കോട് നഗരത്തില്‍ ഇനിയൊരു പ്രളയ ദുരന്തമുണ്ടാവാതിരിക്കുവാന്‍ സന്നദ്ധ സംഘടനകളേയും റസിഡന്‍സ് അസോസിയേഷനുകളേയും മറ്റു സംഘടനകളേയും ഉള്‍പ്പെടുത്തി പുഴ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാനും പുഴ സംരക്ഷണ സമിതി തീരുമാനിച്ചു.
പ്രസിഡണ്ട് എസ്.കെ.കുഞ്ഞിമോന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ പള്ളിക്കണ്ടി സ്വാഗതവും കുഞ്ഞാവ മാനാംകളം നന്ദിയും പറഞ്ഞു. പി.പി ഉമ്മര്‍ കോയ, കെ.പി രാധാകൃഷ്ണന്‍, ഇ മുജീബ്, കെ.പി മന്‍സൂര്‍ സാലിഹ്, നൂര്‍ മുഹമ്മത്, എസ്.വി മുഹമ്മത് അശ്‌റഫ്, സി.പി അബ്ദുറഹിമാന്‍, മുജീബ് റഹ്മാന്‍, എന്‍.വി അശ്‌റഫ് പ്രസംഗിച്ചു.