ചെങ്ങന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂരില്‍ ബി.ജെ.പിയുടെ പി.ആര്‍.ഒയാണ് കോടിയേരി ബാലകൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് മോദിപേടിയാണെന്നും പ്രധാനമന്ത്രിയെക്കുറിച്ച് ഒരു വാക്ക് പോലും പിണറായി മിണ്ടാത്തത് ഇതുകൊണ്ടാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ചെങ്ങന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തിന്റെ പരസ്യം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് ബി.ജെ.പിയുടെ വോട്ടുതേടിയെന്ന ആരോപണവുമായി കോടിയേരിയും സിപിഎമ്മും രംഗത്തുവന്നിരുന്നു. ഇതിനു മറുപടിയായാണ് ചെന്നിത്തലയുടെ പ്രതികരണം.