ഫേസ്ബുക്ക് വ്യാപകമാകും മുമ്പ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം ആയിരുന്നു ഓര്‍കുട്ട്. ഓര്‍കുട്ട് ബുയുകോക്‌ടെന്‍ എന്ന തുര്‍ക്കിഷ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ തുടങ്ങിവെച്ച സംരംഭം പിന്നീട് ഗൂഗിള്‍ ഏറ്റെടുത്തതോടെ വന്‍ ഹിറ്റായി മാറി. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ട ഓര്‍കുട്ടിനു പക്ഷേ, ഫേസ്ബുക്കിന്റെ കടന്നുവരവോടെ ജനപ്രീതി കുറഞ്ഞു. ഒടുവില്‍ ഗൂഗിള്‍ ഔദ്യോഗികമായി തന്നെ ഓര്‍കുട്ട് അടച്ചുപൂട്ടി.
ഫേസ്ബുക്കിന്റെ സുവര്‍ണ കാലം അവസാനിക്കുന്നുവെന്ന സൂചനകള്‍ക്കിടെ, പുതിയൊരു സാമൂഹ്യ മാധ്യമവുമായി രംഗത്തു വരികയാണ് ഓര്‍കുട്ട് ബുയുകോക്‌ടെന്‍. പുതിയ തലമുറ ഇന്‍സ്റ്റഗ്രാമിലേക്കും മറ്റും ചേക്കേറുമ്പോള്‍, ഫേസ്ബുക്കിന്റെ വീഴ്ച മുതലെടുത്ത് സോഷ്യല്‍ മീഡിയക്ക് പുതിയ ഭാവുകത്വം പകരാനുള്ള ശ്രമമാണ് 43-കാരനായ ബുയുകോക്‌ടെന്റേത്. ‘ഹലോ’ എന്ന പേരില്‍ അദ്ദേഹം നിര്‍മിച്ച പുതിയ ആപ്പ് ഏപ്രില്‍ 11-ന് ഇന്ത്യയിലും പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ അവതരിപ്പിച്ച ‘ഹലോ’ നിലവിലുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്ന് ബുയുകോക്‌ടെന്‍ പറയുന്നു. ഉള്ള സുഹൃത്തുക്കളുമായി സംവദിക്കുകയല്ല പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കുകയാണ് ഹലോയുടെ പ്രവര്‍ത്തന രീതി.
Very excited about this new feature on hello. Hope everyone enjoys it! 🙂 https://t.co/PGY1dQp2uk
— Orkut Buyukkokten (@orkut) March 30, 2018
വ്യാജ വാര്‍ത്തകളും മോശം കാര്യങ്ങളും പ്രചരിപ്പിക്കാതിരിക്കാന്‍ ഹലോയില്‍ പ്രത്യേക സംവിധാനമുണ്ടെന്നും യഥാര്‍ത്ഥ ജീവിതത്തിലേതു പോലെയാണ് ആളുകളുടെ പെരുമാറ്റ രീതികള്‍ ഹലോ തീരുമാനിക്കുന്നതെന്നും ബുയുകോക്‌ടെന്‍ പറയുന്നു. ‘യഥാര്‍ത്ഥ ജീവിതത്തില്‍ നാം ഒരാളെ കണ്ടുമുട്ടുമ്പോള്‍, അയാളെ ശരിക്കും മനസ്സിലാക്കാതെ നാം വിശ്വാസത്തിലെടുക്കാറില്ല. ഹലോയില്‍ ഒരാള്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത അനുസരിച്ചാണ് അയാളുടെ ആധികാരികത നിശ്ചയിക്കപ്പെടുന്നത്. അതിനാല്‍, വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ ഹലോയ്ക്ക് കഴിയും.’ ബുയുകോക്‌ടെന്‍.
Loved https://t.co/vyC5jjIZTQ? He’s coming to #India! Get details here: https://t.co/Zax9uJHrla#Orkut #hello pic.twitter.com/kEx345gaGv
— hello network (@thehellonetwork) April 3, 2018
ഇന്ത്യയില്‍ ഓര്‍ക്കുട്ടിന് ലഭിച്ച പിന്തുണ കാരണമാണ് അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം ലോഞ്ച് ചെയ്യുന്നതിനു മുമ്പായി ‘ഹലോ’ താന്‍ ഇന്ത്യയില്‍ ഇറക്കുന്നതെന്നും സാങ്കേതിക വിദ്യയെ വളരെ പെട്ടെന്നു തന്നെ മനസ്സിലാക്കുന്ന ജനങ്ങളാണ് ഇന്ത്യയിലേതെന്നും ബുയുകോക്‌ടെന്‍. ഇന്ത്യയില്‍ ബീറ്റ ടെസ്റ്റില്‍ തന്നെ 35,000 -ലധികം പേര്‍ പങ്കെടുത്തു. ബീറ്റ ടെസ്റ്റില്‍ നിന്ന് കുറെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്നും യൂറോപ്പിലും അമേരിക്കയും ലോഞ്ച് ചെയ്യുകയാണ് അടുത്ത പടിയെന്നും അദ്ദേഹം പറഞ്ഞു.
Be the first to write a comment.