crime
ഓൺലൈൻ ഭാഗ്യക്കുറി തട്ടിപ്പ്: കണ്ടെത്തിയത് 60 വ്യാജ ആപ്പുകൾ; നീക്കാൻ ഗൂഗിളിന് നോട്ടീസ് നൽകി കേരള പൊലീസ്
ഇത്തരം ഓൺലൈൻ ലോട്ടറികളുടെ പരസ്യങ്ങൾ ഫേസ്ബുക്കിൽ നിന്ന് നീക്കാൻ മെറ്റയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറിവില്പന നടത്തുന്ന ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് കേരള പൊലീസ് നോട്ടീസ് നൽകി. ഇത്തരം ഓൺലൈൻ ലോട്ടറികളുടെ പരസ്യങ്ങൾ ഫേസ്ബുക്കിൽ നിന്ന് നീക്കാൻ മെറ്റയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
ഓൺലൈൻ ലോട്ടറിയുടെ 60 വ്യാജ ആപ്പുകളാണ് പൊലീസിന്റെ സൈബർ പട്രോളിങിനെത്തുടർന്ന് കണ്ടെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 25 വ്യാജ ഫേസ് ബുക്ക് പ്രൊഫൈലും 20 വെബ് സൈറ്റുകളും കണ്ടെത്തി. ഇത്തരം തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.
കേരള മെഗാമില്യൺ ലോട്ടറി, കേരള സമ്മർ സീസൺ ധമാക്ക എന്നീ പേരുകളിൽ സമൂഹമാധ്യമങ്ങൾ വഴി കേരള സംസ്ഥാന ലോട്ടറി ഓൺലൈൻ ആയി എടുക്കാം എന്ന വ്യാജപരസ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്സ്ആപ്പ്, ടെലഗ്രാം, ഇൻസ്റ്റാഗ്രാം മുതലായ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.
കേരള സർക്കാർ ഓൺലൈൻ ലോട്ടറി ആരംഭിച്ചെന്നും 40 രൂപ മുടക്കിയാൽ 12 കോടി രൂപ വരെ നേടാമെന്നുമുള്ള സന്ദേശമാണ് ലഭിക്കുക. സന്ദേശത്തിൽ പറയുന്ന നമ്പറിലേയ്ക്ക് 40 രൂപ അയച്ചാൽ വാട്സ്ആപ്പിലേയ്ക്ക് വ്യാജ ലോട്ടറി ടിക്കറ്റ് ചിത്രം അയച്ചുനൽകും. നറുക്കെടുപ്പിന്റെ സമയം കഴിയുമ്പോൾ കൃത്രിമമായി നിർമ്മിച്ച നറുക്കെടുപ്പ് ഫലം തട്ടിപ്പുകാർ അയച്ചുനൽകുകയും ഫലം പരിശോധിക്കുമ്പോൾ കൈവശമുള്ള ടിക്കറ്റിന് അഞ്ചു ലക്ഷം രൂപ സമ്മാനം ലഭിച്ചതായി കാണിക്കുകയും ചെയ്യും.
ഇതോടെ തട്ടിപ്പിന്റെ അടുത്തഘട്ടം ആരംഭിക്കുന്നു. സർക്കാർ പ്രതിനിധിയെന്നു പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ ഫോണിൽ വിളിക്കുകയും സമ്മാനത്തുക ലഭിക്കാൻ ജി എസ് ടി, സ്റ്റാമ്പ് ഡ്യൂട്ടി എന്നീ ആവശ്യത്തിനായി പണം ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
ഇങ്ങനെ പണം ട്രാൻസ്ഫർ ചെയ്തുകഴിയുമ്പോൾ റിസർവ്വ് ബാങ്ക് സമ്മാനത്തുക പിടിച്ചുവച്ചിരിക്കുന്നതായും സമ്മാനം കൈമാറാനായി കൂടുതൽ പണം വേണമെന്നും ആവശ്യപ്പെടുന്നു. ഓരോ ചുവടും വിശ്വസനീയമായി തോന്നിക്കാനായി കൃത്രിമമായി നിർമ്മിച്ച രേഖകളും വീഡിയോകളും ഇരകൾക്ക് നൽകുന്നു.
ഇത്തരത്തിൽ വളരെ വിശ്വസനീയമായി തോന്നിപ്പിക്കുന്ന രീതിയിൽ നടത്തുന്ന വ്യാജഭാഗ്യക്കുറിയുടെ ഓൺലൈൻ തട്ടിപ്പിന് ഇരയാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും കേരള പൊലീസ് അറിയിച്ചു.
crime
പന്തീരാങ്കാവ് ഇസാഫ് ബാങ്ക് കവർച്ച: 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍
കഴിഞ്ഞ ജൂൺ 11നായിരുന്നു കേസിനാസ്പദമായ സംഭവം

കോഴിക്കോട്: പന്തീരാങ്കാവ് ഇസാഫ് ബാങ്കിന്റെ 40 ലക്ഷം കവർച്ച ചെയ്ത കേസിൽ നിർണായക വഴിതിരിവ്. 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെയാണ് പൊലീസ് പണം കണ്ടെത്തിയത്.
കഴിഞ്ഞ ജൂൺ 11നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് 50,000 രൂപ മാത്രമായിരുന്നു പൊലീസിന് കണ്ടെടുക്കാൻ സാധിച്ചത്. എന്നാൽ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് 39 ലക്ഷം രൂപ പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെനിന്ന് പൊലീസ് കണ്ടെത്തിയത്.
പന്തീരാങ്കാവിൽ ജൂൺ 11ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽനിന്നു പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് ഷിബിൻ ലാൽ തട്ടിപ്പറിച്ചുകൊണ്ടുപോയത്. പന്തീരാങ്കാവിൽനിന്ന് മാങ്കാവിലേക്കു പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിൽ നിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്ത്. അക്ഷയ ഫിനാൻസിയേഴ്സിൽ പണയംവെച്ച സ്വർണം എടുക്കാനാണ് പണം എന്നാണ് ഷിബിൻ ബാങ്ക് ജീവനക്കാരോട് പറഞ്ഞിരുന്നത്.
crime
ആറ്റിങ്ങലിൽ വൻ ലഹരിവേട്ട; രണ്ട് കോടിയുടെ എംഡിഎംഎയും വിദേശമദ്യവും പിടികൂടി
എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ആറ്റിങ്ങലിൽ ഒന്നേകാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്. എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സഞ്ജു(42), നന്ദു(32), ഉണ്ണിക്കണ്ണൻ(39), പ്രവീൺ (35) എന്നിവരാണ് പിടിയിലായത്.
വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാൽ കിലോ എംഡിഎംഎയും 17 ലിറ്റർ വിദേശ മദ്യവും അടങ്ങുന്ന രണ്ടുകോടിയിൽ അധികം വിലവരുന്ന ലഹരി ശേഖരമാണ് തിരുവനന്തപുരം ജില്ലാ റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. ഈത്തപ്പഴത്തിന്റെ പെട്ടികൾക്കുള്ളിൽ കറുത്ത കവറിൽ ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ച് കൊണ്ടുവന്നത്. മയക്കു മരുന്ന് മാഫിയയുടെ ഇടയിൽ ഡോൺ എന്നാണ് സഞ്ജു അറിയപ്പെടുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. ഇയാളുടെ നേതൃത്വത്തിൽ രാസലഹരി വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.
വിദേശത്തുനിന്നും ലഹരി ശേഖരവുമായി എത്തിയ പ്രതികളായ സഞ്ജുവിനെയും നന്ദുവിനെയും കൂട്ടിക്കൊണ്ടുപോകാനായെത്തിയ ഉണ്ണിക്കണ്ണനെയും പ്രവീണിനെയും കല്ലമ്പലം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കുറച്ച് ദിവസങ്ങളായി റൂറൽ ഡാൻസാഫ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. ഇന്നലെ രാത്രിയാണ് കല്ലമ്പലം ജംഗ്ഷനിൽ വച്ച് ഇന്നോവ കാറിലും പിക് അപ് ലോറിയിലുമായി എത്തിയ ലഹരി സംഘത്തെ പിടികൂടിയത്.
crime
ന്യൂസിലൻഡ് ജോലി വാഗ്ദാന തട്ടിപ്പ്: ചിഞ്ചു അനീഷിൻ്റേത് സമാനതകളില്ലാത്ത തട്ടിപ്പുകൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ചിഞ്ചു അനീഷ് സംസ്ഥാനത്തുടനീളം നടത്തിയിരിക്കുന്നത് സമാനതകളില്ലാത്ത തട്ടിപ്പുകൾ. തൃശൂർ തൃപ്പയാറുള്ള കർമ അസിസ്റ്റൻസ് എന്ന ട്രാവൽ ഏജൻ്റിനെ കബളിപ്പിച്ച് ഒരു കോടി 94 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിൽ നിന്ന് ചിഞ്ചു അനീഷ് വാങ്ങിയ രേഖകളാണ് ലഭിച്ചത്. 97 ഉദ്യോഗാർഥികളിൽ നിന്നാണ് ട്രാവൽ ഏജൻറ് ഈ പണം ചിഞ്ചുവിന് വാങ്ങി നൽകിയത്.
നേരിട്ടും അല്ലാതെയുമായി രണ്ട് കോടി 47 ലക്ഷം രൂപ തട്ടിയെടുത്തു. പണം തട്ടിയെടുത്തത് കൂടാതെ ഓസ്ട്രേലിയ, സിംഗപ്പൂർ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രതി, വ്യാജമായി പ്രിൻറ് ചെയ്ത് നൽകിയ വിസയുടെ പകർപ്പുകളും പുറത്ത് വന്നിട്ടുണ്ട്.
ഒറിജിനലിനെ വെല്ലുന്ന വ്യാജനിൽ ട്രാവൽ ഏജൻ്റ് പോലും കമ്പളിപ്പിക്കപ്പെട്ടു. 2022 മുതലാണ് കർമ അസിസ്റ്റൻ്റ് തട്ടിപ്പിന് വിധേയമായത്. 2023ൽ എറണാകുളം നോർത്ത് പൊലീസ് പിടികൂടിയതോടെയാണ് തങ്ങളും കബളിപ്പിക്കപ്പെട്ടെന്ന് വ്യക്തമായത്. തുടർന്ന് കർമ്മാ അസിസ്റ്റൻസ് നൽകിയ പരാതിയിൽ വലപ്പാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ചിഞ്ചു അനീഷ് ഒന്നാം പ്രതിയാണ്. പക്ഷേ പ്രതിയെ പിടികൂടാൻ വലപ്പാട് പൊലീസിന് കഴിഞ്ഞിട്ടില്ല. ചിഞ്ചു അനീഷ് പിടിയിലായിട്ടും വലപ്പാട് പൊലീസ് ഫോർമൽ അറസ്റ്റിനൊ, പ്രൊഡക്ഷൻ വാറൻ്റ് നൽകാനോ മുതിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
ചിഞ്ചു ജയിലിലായ സാഹചര്യത്തിൽ കോടതിയെ സമീപിക്കാനാണ് കർമ അസിസ്റ്റൻ്റ്സ് ഉടമകളുടെ തീരുമാനം. അതേസമയം, കാലടി പൊലീസ് ഫോർമൽ അറസ്റ്റ് ചെയ്ത പ്രതിയെ പ്രോഡക്ഷൻ വാറൻ്റിലൂടെ കസ്റ്റഡിയിൽ വാങ്ങാൻ കടവന്ത്ര പൊലീസും നീക്കങ്ങൾ ആരംഭിച്ചു. ചിഞ്ചു പിടിയിലായ ശേഷം കരുനാഗപ്പള്ളി പൊലീസിന് കഴിഞ്ഞ ദിവസം ലഭിച്ച പരാതിയിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
film3 days ago
ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരില്‍ വഞ്ചനയെന്ന് പരാതി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
-
kerala3 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
india2 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
News3 days ago
ഇറാഖിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; കുട്ടികളടക്കം 50 പേര് മരിച്ചു