തിരുവനന്തപുരം: ഇടുക്കിയില്‍ അതിജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചെങ്കിലും ഇക്കാര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഘട്ട ജാഗ്രതാ നിര്‍ദേശം നല്‍കിയത് കൊണ്ട് അണക്കെട്ടിലെ ഷട്ടറുകള്‍ ഏത് നിമിഷവും തുറക്കുമെന്ന് അര്‍ത്ഥമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം ഘട്ട മുന്നറിയിപ്പിന് ശേഷം (റെഡ് അലര്‍ട്ട്) ജനങ്ങളെ മുന്‍കൂട്ടി അറിയിച്ച് പകല്‍ സമയം മാത്രമാകും ഷട്ടര്‍ തുറക്കുന്നത്. ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണാധികാരികളും നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ഗൗരവത്തോടെ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

ഇടുക്കി ഡാമില്‍ ജലനിരപ്പ് 2395 അടിയായി ഉയര്‍ന്നതോടെ അതീവ ജാഗ്രതാ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2395 അടിയിലെത്തുമ്പോഴാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുക.