പടപ്പാട്ടിന്റെ ഇശലൊഴുകിയ വൈദ്യരുടെ മണ്ണില്‍ നിന്നും രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ മലപ്പുറം ജില്ലയിലെ പടയോട്ടം തുടങ്ങി. സാമൂതിരിയുടെ നാടിന് അതിര്‍ വരമ്പിട്ട ഐക്കരപ്പടിയില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ യു.ഡി.എഫ് നേതാക്കള്‍ ജനനായകനെ മലപ്പുറത്തേക്ക് ആനയിച്ചു. അപവാദങ്ങളുടെ സൂര്യാഘാതമേറ്റാല്‍ തളരുന്നതല്ല ഐക്യമുന്നണിയുടെ കെട്ടുറപ്പെന്ന് ആണയിട്ടാണ് പടയൊരുക്കത്തെ മലപ്പുറം നെഞ്ചേറ്റിയത്. തേജോവധ രാഷട്രീയം ഭൂഷണമല്ലെന്നും രണ്ടാംകിട രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ജാഥയുടെ തിളക്കം കെടുത്താമെന്ന് ആരും കരുതേണ്ടെന്നും മലപ്പുറം രാഷ്ട്രീയ കേരളത്തോട് വിളിച്ചു പറയുന്നതായിരുന്നു ജാഥയുടെ ജില്ലാ തലത്തിലെ തുടക്കം.
ഉത്തര മേഖലയില്‍ നവ ചരിതം തീര്‍ത്താണ് ജാഥ മലപ്പുറത്തേക്ക് പ്രവേശിച്ചത്. സ്വന്തം കാലിനടിയിലെ മണ്ണൊലിച്ചിറങ്ങുന്നുണ്ടെന്ന് വ്യക്തമായ സി.പി. എം – ബി.ജെ.പി നേതാക്കള്‍ പരസ്പര ധാരണയോടെ പുറത്തിറക്കിയ പുതിയ ഒളിയമ്പ് ജാഥയുടെ ജനപിന്തുണക്ക് യാതൊരു കോട്ടവും വരുത്തിയില്ലെന്ന് മലപ്പുറം സാക്ഷ്യപ്പെടുത്തി. ഐക്കരപ്പടിയിലേക്കൊഴുകിയെത്തിയ ആയിരങ്ങള്‍ ഇതിന് ഉദാഹരണമാണ്. ജാഥ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ പ്രവര്‍ത്തകര്‍ പതാകകളേന്തി ഐക്കരപ്പടിയില്‍ നിലയുറപ്പിച്ചിരുന്നു. ജനഹൃദയങ്ങളെ കീഴടക്കിയ കളരിപ്പയറ്റും ശിങ്കാരി മേളവും തൃശൂര്‍ പൂരത്തെ ഓര്‍മ്മിപ്പിക്കുന്ന വെടിക്കെട്ടും പടയോട്ടത്തിന്റെ പ്രതീകം തീര്‍ത്ത കുതിര സവാരിയും വര്‍ണാഭമായ മുത്തുകുടകളും ജാഥയുടെ തിളക്കമേറ്റി. ജനദ്രോഹനിലപാടുകളുമായി മുന്നോട്ടുപോകുന്ന പിണറായി സര്‍ക്കാരിന് ശക്തമായ താക്കീതാണ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥ നല്‍കുന്നത്. ഏകാധിപത്യ ഭരണകൂടങ്ങളുടെ പതനം വിദൂരമല്ലെന്ന് കൊണ്ടോട്ടിയിലും പടിക്കലും കൊളപ്പുറത്തും ചെമ്മാട്ടും ഒഴുകിയെത്തിയ ജനം തെളിയിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ. മജീദ്, എം.പി. അബ്ദുസ്സമദ് സമദാനി, ഡോ.എം. കെ.മുനീര്‍ എം.എല്‍. എ, ജോണി നെല്ലൂര്‍, സി.പി ജോണ്‍, എം. എല്‍.എമാരായ എ.പി. അനില്‍കുമാര്‍, പി.കെ അബ്ദുറബ്ബ്, ബെന്നി ബഹനാന്‍, പി. അബ്ദുല്‍ ഹമീദ്, വി.ഡി. സതീശന്‍, ടി.വി.ഇബ്രാഹീം, പി. ഉബൈദുല്ല, അഡ്വ. കെ.എന്‍.എ ഖാദര്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍, അഡ്വ. യു.എ ലത്തീഫ്, അഡ്വ. വി.വി പ്രകാശ്, കെ.പി. കുഞ്ഞികണ്ണന്‍, എ.പി ഉണ്ണികൃഷ്ണന്‍, റാം മോഹന്‍, വി. കുഞ്ഞാലി, ഷാനിമോള്‍ ഉസ്മാന്‍, കെ.എസ് അഭിജിത്ത്, റഷീദ് കണ്ണൂര്‍, സനല്‍ കുമാര്‍, കെ. സുധാകരന്‍ പങ്കെടുത്തു.