ന്യൂഡല്‍ഹി: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് പദ്മ അവാര്‍ഡിന് ശുപാര്‍ശ ചെയ്തത് അദ്ദേഹം തന്നെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളിലാണ് അവാര്‍ഡിനായി പരമേശ്വരന്‍ സ്വയം നാമനിര്‍ദേശം ചെയ്തതായി വ്യക്തമാക്കുന്നത്. കേരള സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത പട്ടികയില്‍ പരമേശ്വരന്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു.
വെബ്‌സൈറ്റിലെ വിവരങ്ങളനുസരിച്ച് നാലു വ്യക്തികളാണ് പദ്മ അവാര്‍ഡിനായി പി.പരമേശ്വരന്റെ പേര് ശുപാര്‍ശ ചെയ്തത്. ഇതില്‍ തിരുവനന്തപുരത്ത് നിന്നുള്ള ഒരു ‘കെ’ എന്ന പേരും പി.പരമേശ്വരനും സുരേഷും പാര്‍ലമെന്റംഗം പ്രൊഫസര്‍ റിച്ചാര്‍ഡ് ഹേയുമാണ് നാലു വ്യക്തികളായി ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ ‘കെ’യും സുരേഷും സ്വാമി പ്രകാശാനന്ദയുടെ പേരും പദ്മ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കോട്ടയം സ്വദേശി അനിരുദ്ധ് ഇന്ദുചൂഡന്‍ കുമ്മനം രാജശേഖരന്റെ പേരും പദ്മ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കേരളം നല്‍കിയ 42 പേരുടെ പട്ടികയില്‍ 41 പേരുകളും കേന്ദ്രം തള്ളിയിരുന്നു. എം.ടി വാസുദേവന്‍ നായര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, സുഗതകുമാരി, കലാമണ്ഡലം ഗോപി, സൂര്യ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരുടെ പേരുകളാണ് കേരളം ശുപാര്‍ശ ചെയ്തത്. എന്നാല്‍ സംസ്ഥാനം നല്‍കിയ പട്ടികയില്‍ ഇടം നേടാത്ത പി.പരമേശ്വരന്‍, ഡോ.എം.ആര്‍ രാജഗോപാല്‍, ലക്ഷ്മിക്കുട്ടിയമ്മ എന്നിവരെയാണ് കേന്ദ്രം പദ്മ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.