ഇസ്‌ലാമാബാദ്: പാകിസ്താനിലേക്ക് കുടിയേറിയ 298 ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പൗരത്വം നല്‍കിയെന്ന് പാക് ആഭ്യന്തര മന്ത്രാലയം. 2012 മുതല്‍ 2017 ഏപ്രില്‍ മാസം വരെ ഇവിടെയെത്തിയ 289 ആളുകള്‍ക്കാണ് അംഗത്വം നല്‍കിയതെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ദേശീയ അസംബ്ലിയില്‍ ഭരണകക്ഷിയായ മുസ്‌ലിം ലീഗ്്-നവാസ് പാര്‍ട്ടി പ്രതിനിധിയായ ഷെയ്ക് റോഹില്‍ അസ്‌കറിന്റെ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 2012-ല്‍ 48, 2013-ല്‍ 75, 2014ല്‍ 76 എന്നിങ്ങനെയാണ് പാക് പൗരത്വം നേടിയ ഇന്ത്യക്കാരുടെ എണ്ണം. എന്നാല്‍, 2015-ല്‍ മാത്രമാണ് ഇതില്‍ കുറവ് രേഖപ്പെടുത്തിയത്. 15 പേരാണ് 2015-ല്‍ പൗരത്വം സ്വന്തമാക്കിയത്. 2016 ല്‍ ഇത് 69 ആയി ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ 15 പേരും പാക് അംഗത്വം നേടിയിട്ടുണ്ട്. പാകിസ്താന്‍ പോലെ ഒരു രാജ്യത്ത് അംഗത്വം ലഭിക്കുകയെന്നത് എളുപ്പമല്ലെന്നും എന്നാല്‍, ഇന്ത്യ, ബംഗ്ലാദേശ്, ബര്‍മ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ രാജ്യത്ത് അനധികൃതമായി താമസിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാകിസ്താന്‍കാരനായ ഭര്‍ത്താവ് മരിച്ച ഇന്ത്യക്കാരിക്ക് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മുന്‍ ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലിഖാന്‍ പൗരത്വം അനുവദിച്ചിരുന്നു. 2008 മുതല്‍ ആ സ്ത്രീയുടെ പൗരത്വ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തില്‍ കുടങ്ങിക്കിടക്കുകയായിരുന്നു.