ലാഹോര്‍: പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് ജേണലിസം വിദ്യാര്‍ത്ഥിയെ സഹപാഠികളും ജനക്കൂട്ടവും ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മര്‍ദാന്‍ നഗരത്തിലെ അബ്ദുല്‍ വാലി ഖാന്‍ സര്‍വകലാശാല വിദ്യാര്‍ത്ഥി മഷ്അല്‍ ഖാന്‍(23) ആണ് കൊല്ലപ്പെട്ടത്. യൂണിവേഴ്‌സിറ്റി കാമ്പസില്‍ പട്ടാപ്പകലാണ് സംഭവം. ഖാന്‍ മതത്തെ നിന്ദിച്ചുവെന്ന് സഹപാഠികള്‍ ആരോപിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം.

ഹോസ്റ്റലില്‍നിന്ന് വലിച്ചിറക്കി കൊണ്ടുവന്ന ഖാനെ സഹവിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചതിനുശേഷം വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. മതത്തെ അധിക്ഷേപിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും അക്രമികള്‍ പിന്മാറിയില്ല. മരിക്കുന്നതിനുമുമ്പ് അക്രമികള്‍ ഖാനോട് ഖുര്‍ആന്‍ വചനങ്ങള്‍ ഉരുവിടാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് 20 പേരെ അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥി മതനിന്ദ നടത്തിയതിന് തെളിവു ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെ പാകിസ്താനിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അപലപിച്ചു. ഖൈബര്‍ പക്തൂന്‍ഖ്വ പ്രവിശ്യയില്‍ ഖാന്റെ ജന്മനാടായ സൈദ ഗ്രാമത്തില്‍ പ്രതിഷേധ റാലികള്‍ അരങ്ങേറി. പെഷവാറില്‍ യൂണിവേഴ്‌സിറ്റി ഭരണകൂടത്തിനും പൊലീസിനുമെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി.
ലാഹോറിലെ പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. കൊലപാതകത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മകന്‍ നിരപരാധിയാണെന്നും അവന്‍ മതനിന്ദ നടത്തിയെന്ന് ഭാവനയില്‍ പോലും വിചാരിക്കാന്‍ സാധ്യമല്ലെന്നും ഖാന്റെ പിതാവ് മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു.
സഹോദരന്റെ മരണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സഹോദരി ആരോപിച്ചു. യൂണിവേഴ്‌സിറ്റി അധികൃതരുടെ ഭാഗത്തുണ്ടായ അനാസ്ഥയാണ് മരണത്തിനു കാരണമെന്ന് ഖാന്റെ സുഹൃത്തുക്കള്‍ പറയുന്നു.
ഖാന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മതത്തെയും പ്രവാചകനെയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് അക്രമികള്‍ ആരോപിച്ചത്. എന്നാല്‍ ചിലര്‍ തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്യുന്നതായി ഖാന്‍ നേരത്തെ ആരോപിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.