ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ജൂലൈ 25ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. തെരഞ്ഞെടുപ്പ് പ്രഖ്യാപത്തിനു പിന്നാലെ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് നസീറുല്‍ മുല്‍ക്കിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. ഭരണകക്ഷിയായ പാകിസ്താന്‍ മുസ്‌ലിം ലീഗ്-എന്നും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും ആഴ്ചകളോളം ചര്‍ച്ച നടത്തിയ ശേഷമാണ് നസീറുല്‍ മുല്‍ക്കിനെ ഇടക്കാല പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.

ആ പേരിനെതിരെ പാകിസ്താനില്‍ ഒരാളും വിരലുയര്‍ത്തില്ലെന്ന് പ്രധാനമന്ത്രി ഷാഹിദ് ഖാഖാന്‍ അബ്ബാസി പറഞ്ഞു. പാകിസ്താന്റെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവിയായും അദ്ദേഹം ഇടക്കാലത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇടക്കാല ഭരണകൂടത്തിന് സുപ്രധാന തീരുമാനങ്ങളൊന്നും എടുക്കാന്‍ സാധിക്കില്ല.

പക്ഷെ, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകിടം മറിയാതെ നോക്കേണ്ടത് ഇടക്കാല ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ഞായറാഴ്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. ജൂലൈ 25നും 27നും ഇടക്കാണ് വോട്ടെടുപ്പ്. നിലവിലുള്ള ഭരണകൂടത്തിന്റെ കാലാവധി 31ന് അവസാനിക്കും. ജൂണ്‍ ഒന്നിന് കാവല്‍ മന്ത്രിസഭ അധികാരത്തില്‍ വരും. പാകിസ്താനില്‍ രണ്ടാം തവണയാണ് തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം തുടര്‍ച്ചയായി അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്നത്. പാകിസ്താനില്‍ ന്യൂനപക്ഷ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മുസ്‌ലിം ഇതര വോട്ടര്‍മാരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഡോണ്‍ ന്യൂസ് പറയുന്നു.

2013ല്‍ 2.77 ദശലക്ഷം അമുസ്‌ലിം വോട്ടര്‍മാരുണ്ടായിരുന്നു. ഈ വര്‍ഷം അത് 3.63 ദശലക്ഷത്തിലെത്തി. ഹിന്ദു വോട്ടര്‍മാരുടെ എണ്ണത്തിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായിരിക്കുന്നത്. 2013ല്‍ 1.40 ദശലക്ഷമായിരുന്ന ഹിന്ദു വോട്ടര്‍മാരുടെ എണ്ണം 2018ല്‍ 1.77 ദശലക്ഷമായി. ക്രിസ്ത്യന്‍ വോട്ടര്‍മാരാണ് രണ്ടാം സ്ഥാനത്ത്. പാകിസ്താനില്‍ 1.64 ദശലക്ഷം ക്രിസ്ത്യന്‍ വോട്ടര്‍മാരുണ്ടെന്നാണ് കണക്ക്. പാഴ്‌സി വോട്ടര്‍മാരും കൂടിയിട്ടുണ്ട്.