മുംബൈ: ടിആര്‍പി തട്ടിപ്പ് കേസില്‍ ബാര്‍ക് മുന്‍ സിഇഒ പാര്‍ത്തോ ദാസ്ഗുപ്തയുടെ ജാമ്യാപേക്ഷ മുംബൈ സെക്ഷന്‍സ് കോടതി തള്ളി. നവിമുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന ദാസ്ഗുപ്തയുടെ ഷുഗര്‍ നിലയില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് ശനിയാഴ്ച ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഇപ്പോഴും അദ്ദേഹം ആശുപത്രി നിരീക്ഷണത്തില്‍ തുടരുകയാണ്.

ടിആര്‍പി തട്ടിപ്പ് കേസില്‍ ഡിസംബര്‍ 24നാണ് ദാസ്ഗുപ്തയെ മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. റിപ്പബ്ലിക് ടിവിയുള്‍പ്പെടെ നിരവധി ചാനലുകളുടെ റേറ്റിങ് കൂട്ടുന്നതിന് ദാസ്ഗുപ്ത കോഴ വാങ്ങി കൂട്ടുനിന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. റിപ്പബ്ലിക് ടിവിക്ക് വേണ്ടി അര്‍ണബ് ഗോസ്വാമിയും കോഴ നല്‍കിയതായി ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.

അര്‍ണബും പാര്‍ത്തോദാസ്ഗുപ്തയും തമ്മിലുള്ള വാട്‌സാപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.