ദാവൂദ് മുഹമ്മദ്

കണ്ണൂര്‍: പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ എതിരാളികളില്ലെങ്കിലും യുഡിഎഫിന് വ്യക്തമായ വോട്ടുണ്ട്.ആന്തൂര്‍ നഗരസഭയിലും മലപ്പട്ടം പഞ്ചായത്തിലും ബൂത്ത് ഏജന്റുമാര്‍ ഇല്ലാതിരുന്നിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത് വ്യക്തമായ വോട്ടുകള്‍.

സിപിഎം എതിരില്ലാതെ വിജയിച്ച ആന്തൂര്‍ നഗരസഭയിലെ ആറുവാര്‍ഡുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന് നൂറിലേറെ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ആന്തൂര്‍ നഗരസഭയില്‍ അയ്യായിരത്തോളം വോട്ടുകളാണ് യുഡിഎഫിനുളളത്.

എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാത്ത മൊറാഴ,ഒഴക്രോം എന്നീവാര്‍ഡുകള്‍ ഉള്‍ക്കൊള്ളൂന്ന ആറ് ബൂത്തുകളില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1332 വോട്ടുകള്‍ യുഡിഎഫിനുണ്ട്. ബിജെപിക്ക് 316 വോട്ടും ലഭിച്ചു. ആന്തൂര്‍ 16ാം വാര്‍ഡ് ഉള്‍ക്കൊള്ളൂന്ന രണ്ട് ബൂത്തുകളില്‍ യുഡിഎഫിന് 559 വോട്ടും ബിജെപിക്ക് 102 വോട്ടും ലഭിച്ചു.തളിപ്പറമ്പ് നഗരസഭയിലെ കൂവോട്ട് വാര്‍ഡ് ഉള്‍ക്കൊള്ളൂന്ന 92ാം നമ്പര്‍ ബൂത്തില്‍ 65 വോട്ട് യുഡിഎഫിന് ലഭിച്ചപ്പോള്‍ ബിജെപിക്ക് 65 വോട്ടാണ് നേടാനായത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആന്തൂരില്‍ 14 ഇടത്ത് ഇടതുപക്ഷം എതിരില്ലാതെ ജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇത് ആറായി കുറഞ്ഞത് സിപിഎമ്മിനെതിരെ ഉയരുന്ന ജനകീയ വെല്ലുവിളിയാണ്.ജനാധിപത്യ അട്ടിമറിക്ക് കുപ്രസിദ്ധി നേടിയ മലപ്പട്ടത്ത് കഴിഞ്ഞ തവണ 13 വാര്‍ഡുകളിലും സിപിഎമ്മിന് എതിരാളികള്‍ ഉണ്ടായിരുന്നില്ല. ഇത്തവണ എട്ടിടത്ത് യുഡിഎഫ് മത്സരരംഗത്തുണ്ട്. ഇവിടെ രണ്ടിടത്ത് ശക്തമായ മത്സരമാണ് ഇത്തവണ നടക്കുന്നത്.

പാര്‍ട്ടിഗ്രാമങ്ങളില്‍ എതിരാളികള്‍ക്ക് വ്യക്തമായ വോട്ടുകളുണ്ടെങ്കിലും അക്രമത്തിലൂടെ കീഴടക്കുകയാണ് രീതി. ബൂത്തിലെത്തുമ്പോള്‍ ഏജന്റുമാരെയും വോട്ടര്‍മാരെയും തടയുന്ന രീതി ഇന്നും കണ്ണൂരിലുണ്ട്. ആന്തൂരില്‍ 1995ലെ തെരഞ്ഞെടുപ്പിലാണ് യുഡിഎഫ് എല്ലാ വാര്‍ഡുകളിലും മത്സരിച്ചത്.ഇതിനു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി ദാസന്‍ കൊല്ലപ്പെട്ടതോടെ മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം നിര്‍ജീവമായി. എങ്കിലും സിപിഎമ്മിനെതിരെയുള്ള ജനകീയ വികാരമായി നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വലിയ വോട്ടുകളും നേടുന്നുണ്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെയും സ്ഥാനാര്‍ത്ഥികളായി നിര്‍ദേശിക്കുന്നവരെയും ഭീഷണിപ്പെടുത്തിയാണ് ഏകാധിപത്യം ഉറപ്പിക്കുന്നത്.

മലപ്പട്ടം പഞ്ചായത്തിലെ മിക്കബൂത്തിലും പൊതു തെരഞ്ഞെടുപ്പില്‍ 200ലധികം വോട്ടുകള്‍ യുഡിഎഫ് നേടാറുണ്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കാറാണ് പതിവ്.