തൃശൂര്‍: തൃശൂരില്‍ ആംബുലന്‍സ് ഡ്രൈവര്‍ സ്‌ട്രെക്ചറില്‍ തല കീഴായി കിടത്തിയ രോഗി മരിച്ചു.

തൃശൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കഴിഞ്ഞ ദിവസം എത്തിച്ച രോഗിയാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയതിന്റെ രോഷം തീര്‍ക്കാനാണ് ആംബുലന്‍സ് ഡ്രൈവര്‍ രോഗിയെ സ്‌ട്രെക്ചറില്‍ തല കീഴായി കിടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
രോഗിയുമായി പാലക്കാട്ടു നിന്നാണ് ആംബുലന്‍സ് ആസ്പത്രിയിലെത്തിയത്. രോഗിക്കൊപ്പം ആരുമില്ലായിരുന്നു.

ഡ്രൈവറുടെ പരാക്രമത്തില്‍ രോഗിയുടെ ദേഹത്ത് പലയിടത്തും മുറിവുകളുണ്ടായിരുന്നു. ആംബുലന്‍സ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ ഉടന്‍ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങാന്‍ ഡ്രൈവര്‍ രോഗിയോട് ആവശ്യപ്പെട്ടു.

ഒറ്റക്ക് എഴുന്നേറ്റ് ഇരിക്കാന്‍ പോലും ആകാത്ത അവസ്ഥയിലായിരുന്നു രോഗി. ഡ്രൈവര്‍ കാണിച്ച പരാക്രമത്തിന്റെ ദൃശ്യങ്ങള്‍ അവിടെ കൂടി നിന്നവരിലൊരാള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതോടെയാണ് പുറംലോകമറിഞ്ഞത്.

ഡ്രൈവര്‍ സ്‌ട്രെച്ചര്‍ പുറത്തേക്കെടുത്ത് ഒരു ഭാഗം തലകീഴായി വെച്ചിട്ടാണ് ആശുപത്രി ജീവനക്കാരെ വിളിക്കാന്‍ പോയത്. ജീവനക്കാര്‍ എത്തും വരെ രോഗി ഇതേ കിടപ്പ് കിടക്കേണ്ടി വന്നു. െ്രെഡവറുടെ പ്രവൃത്തിയെ അവിടെ കൂടിനിന്നവര്‍ ചോദ്യം ചെയ്തപ്പോള്‍, രോഗി മദ്യപിച്ചിട്ടുണ്ടെന്നും ആംബുലന്‍സില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയെന്നുമായിരുന്നു ഡ്രൈവറുടെ മറുപടി.