ഗ്ലാസ്ഗൗ: യൂറോ കപ്പില്‍ സ്‌കോട്ട്‌ലന്‍ഡിനെ തകര്‍ത്ത് ചെക്ക് റിപ്പബ്ലിക്ക്. ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനാണ് ചെക്ക് ടീം സ്‌കോട്ട്‌ലന്‍ഡിനെ തകര്‍ത്തത്. ലഭിച്ച മികച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതിരുന്നതാണ് സ്‌കോട്ട്‌ലന്‍ഡിന് തിരിച്ചടിയായത്.

ഇരട്ട ഗോളുമായി തിളങ്ങിയ പാട്രിക് ഷിക്കാണ് ചെക്ക് ഹീറോ. മത്സരത്തിന്റെ 52ാം മിനിറ്റില്‍ ഷിക്ക് നേടിയ ഗോള്‍ യൂറോ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി. ചെക്കിനായി കഴിഞ്ഞ 11 മത്സരങ്ങളില്‍ നിന്ന് ഷിക്കിന്റെ എട്ടാം ഗോളായിരുന്നു ഇത്.

ഇരു ടീമുകളും മികച്ച കളി പുറത്തെടുത്ത മത്സരത്തില്‍ 42ാം മിനിറ്റിലായിരുന്നു ഷിക്കിന്റെ ആദ്യ ഗോള്‍. വ്ളാഡിമിര്‍ കൗഫലിന്റെ ക്രോസ് മികച്ചൊരു ഹെഡറിലൂടെ ഷിക്ക് വലയിലെത്തിച്ചു.

ആദ്യ പകുതിയിലുടനീളം മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചത് സ്‌കോട്ട്‌ലന്‍ഡായിരുന്നുവെങ്കിലും പലപ്പോഴും ഫിനിഷിങ്ങില്‍ അവര്‍ക്ക് പിഴച്ചു. ആദ്യ പകുതി ചെക്ക് ടീമിന്റെ ലീഡില്‍ അവസാനിച്ച ശേഷം 52ാം മിനിറ്റിലായിരുന്നു കാണികളെ അമ്പരപ്പിച്ച ഷിക്കിന്റെ ത്രില്ലിങ് ഗോള്‍.

ചെക്ക് ടീമിന്റെ കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. സോസെക് നല്‍കിയ പാസ് സ്വീകരിച്ച് സ്‌കോട്ട്‌ലന്‍ഡ് ഹാഫിലേക്ക് കയറിയ ഷിക്ക് ഗോള്‍കീപ്പര്‍ മാര്‍ഷല്‍ സ്ഥാനം തെറ്റിനില്‍ക്കുന്നത് ശ്രദ്ധിച്ചു. ഈ അവസരം മുതലെടുത്ത് താരത്തിന്റെ ഇടംകാലനടി മാര്‍ഷലിന് യാതൊരു അവസരവും നല്‍കാതെ വലയില്‍. ഏകദേശം 45 മീറ്റര്‍ അകലെ നിന്നായിരുന്നു ഷിക്കിന്റെ ഈ ഷോട്ട്.