പയ്യന്നൂര്‍: പയ്യന്നൂര്‍ കണ്ടങ്കാളി സ്‌കൂളിലെ 105 എ ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് സി പി എമ്മുകാരുടെ മര്‍ദനം. പാനൂര്‍ സ്വദേശി മുഹമ്മദ് അഷറഫ് കളത്തിലിനാണ് മര്‍ദ്ദനമേറ്റത്. തലശേരി പാറാല്‍ ഡി ഐ എ കോളജ് പ്രഫസറാണ് മുഹമ്മദ് അഷ്‌റഫ്. റേഷന്‍ കാര്‍ഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് മര്‍ദ്ദനമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ രേഖകളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നതെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം പോളിംഗ് നിര്‍ത്തിവച്ചു. മര്‍ദനമേറ്റ പ്രിസൈഡിംഗ് ഓഫീസര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയിട്ടുണ്ട്. പകരം മറ്റൊരാളെ ഏര്‍പ്പെടുത്തിയതിന് ശേഷമാണ് ഇവിടെ പോളിംഗ് ആരംഭിച്ചത്.