india

റഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് പിഴ; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ; പ്രതികാര നടപടിയുമായി ട്രംപ്

By webdesk18

July 30, 2025

യു.എസില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. ആഗസ്റ്റ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ കൊണ്ട് വരുമെന്ന് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യല്‍ വഴി ട്രംപ് അറിയിച്ചു. തീരുവക്ക് പുറമെ, ഇന്ത്യ റഷ്യയില്‍ നിന്ന് സൈനിക ഉപകരണങ്ങളും എണ്ണയും വാങ്ങിയതിന് പിഴ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ട്രംപ് പ്രഖ്യാപിച്ച തീരുവ പ്രാബല്യത്തില്‍ വരുന്നത് ആഗസ്റ്റ് ഒന്നുമുതലായിരിക്കും. കഴിഞ്ഞ ഏപ്രിലിലാണ് മറ്റ് രാജ്യങ്ങള്‍ക്കെതിരെ ട്രംപ് തീരുവ യുദ്ധം പ്രഖ്യാപിച്ചത്. അതില്‍ ചിലത് വെട്ടിക്കുറക്കുകയും മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച നടത്താനുള്ള സന്നദ്ധതയും ട്രംപ് അറിയിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവകളും മറ്റൊരു രാജ്യത്തേക്കാളും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളുമാണ് ഇന്ത്യയിലുള്ളതെന്നും ട്രംപ് ആരോപിച്ചു. ഇതുമൂലം കുറച്ചു കാലങ്ങളായി ഇന്ത്യയുമായി കുറഞ്ഞ വ്യാപാരമേ നടന്നിട്ടുള്ളൂവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ഇന്ത്യ തങ്ങളുടെ സുഹൃത്താണെന്നു പറഞ്ഞാണ് ട്രംപിന്റെ പോസ്റ്റ് തുടങ്ങുന്നത്. റഷ്യയില്‍ നിന്ന് തുടര്‍ച്ചയായി ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതാണ് ട്രംപിന്റെ പ്രതികാരത്തിന് കാരണം.

”എപ്പോഴും തങ്ങളുടെ സൈനിക ഉപകരണങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. റഷ്യ യുക്രെയ്‌നിലെ കൂട്ടക്കൊല നടത്തണമെന്ന് ലോകം ആഗ്രഹിക്കുമ്പോ, ചൈനക്കൊപ്പം റഷ്യയില്‍ നിന്ന് ഏറ്റവും ക്രൂഡ് ഓയില്‍ വാങ്ങുകയാണ് ഇന്ത്യ. ഇതൊന്നും നല്ലതല്ല. അത്‌കൊണ്ട് ആഗസ്റ്റ് ഒന്നുമുതല്‍ ഇന്ത്യ 26ശതമാനം തീരുവയും നേരത്തേ പറഞ്ഞ കാര്യങ്ങള്‍ക്ക് പിഴയും നല്‍കേണ്ടി വരും”എന്നാണ് ട്രംപിന്റെ പോസ്റ്റ്.