തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന. ഇന്ന് പെട്രോള്‍ വിലയില്‍ 35 പൈസയും ഡീസല്‍ വിലയില്‍ 37 പൈസയും കൂടി. സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ പെട്രോള്‍ വില 90 കടന്നു. ഈ മാസം മൂന്നാം തവണയാണ് ഇന്ധന വില കൂടുന്നത്.

കഴിഞ്ഞ എട്ടു മാസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ 16 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൊച്ചി നഗരത്തില്‍ പെട്രോളിന് 87.57രൂപയാണ് വില, തിരുവനന്തപുരത്ത് 89.18. കൊച്ചിയില്‍ ഡീസല്‍ വില 81.32ല്‍ എത്തി.

ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നതും ഇന്ധനവില വര്‍ദ്ധനവിന് കാരണമാണ്.