രാജ്യത്ത് ഇന്ധന വിലവര്‍ദ്ധിക്കുന്നത് ക്രൂഡോയില്‍ വില വര്‍ധിക്കുന്നതുക്കൊണ്ടാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര സര്‍ക്കാറിന്റെയും വാദം പൊളിയുന്നു. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡോയിലിന് വില കൂടൂന്നുണ്ടെങ്കിലും ഡോളറിന്റെ മൂല്യം കുറയുകയാണെന്ന വസ്തുത മറച്ചുവെക്കുകയാണ് സര്‍ക്കാര്‍.

നേരത്തെ ക്രൂഡോയില്‍ ബാരലിന് 40 ഡോളറിനു താഴെ വരെ എത്തിയ വില ഇപ്പോള്‍ 70 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍  രാജ്യത്തെ എണ്ണ വിതരണ കമ്പനികളുടെ ക്രൂഡ് ഇറക്കുമതി ചെലവ് ഉയര്‍ന്നതാണ് വില ഉയര്‍ത്തേണ്ട സാഹചര്യം ഉണ്ടാക്കിയതെന്ന ന്യായം പ്രത്യക്ഷത്തില്‍ ശരിയെന്ന് ആര്‍ക്കും തോന്നും. അതേസമയം ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഡോളര്‍ നല്‍കിയാണ്്. നിലവിലെ സാഹചര്യത്തില്‍ ഡോളറിന്റെ വില കുത്തനെ ഇടിഞ്ഞ് ഏകദേശം 63 രൂപയിലെത്തി നില്‍ക്കുകയാണ്. അതായതു അന്താരഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്ന സാഹചര്യത്തിലും രൂപ ഡോളര്‍ വിനിമയ മൂല്യത്തില്‍ വന്ന കുറവു മൂലം ഇറക്കുമതി ചെലവ് അതിഭീമമായി ഉയര്‍ന്നിട്ടില്ല എന്നാതാണ് സത്യം. ഈ വസ്തുതകള്‍ മറച്ചുവെച്ചാണ് ക്രൂഡോയില്‍ വില വര്‍ധിക്കുന്നതുക്കൊണ്ടാണ് രാജ്യത്ത് ഇന്ധന വില വര്‍ദ്ധിപ്പിക്കേണ്ടി വരുന്നതെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദം.

മറ്റൊരു പ്രധാനപ്പെട്ട വസ്തുത രാജ്യത്ത് ഇറക്കുമതി ചെയുന്ന ക്രൂഡ് ഓയലിന്റെ വില മുന്‍കൂട്ടി നിശ്ചയിച്ച കരാര്‍ അടിസ്ഥാനത്തിലാവും. ഇതിനാല്‍ അന്നന്നത്തെ അവധി വ്യാപാര വിലയുടെ അടിസ്ഥാനത്തിലല്ല. ആയതിനാല്‍ ഈ വില തത്സമയ വിപണി വിലയേക്കാള്‍ കുറവായിരിരിക്കും. ഇതിനാല്‍ ഡോളറിന്റെ കുറഞ്ഞ വിലയും നേരത്തെ നിശ്ചയിച്ച കരാറിലെ വിലയും പരിഗണിക്കുമ്പോള്‍ എണ്ണ കമ്പനികള്‍ നല്‍കേണ്ടിവരുന്ന വില ബാരലിന് മിക്കവാറും 60 ഡോളറിനടുത്തായിരിക്കും. ഈ വസ്തുതയും പൊതുജനങ്ങളില്‍ നിന്ന് മറച്ചുവെക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഇന്ധനവില വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുസ്സഹമാവുമ്പോഴും നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുളള മൂന്നാം പാദത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് രണ്ടാം പാദത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം രൂപ ലാഭമാണ് ഉണ്ടാക്കിയത്. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 3696 കോടി ലാഭം നേടിയ കോര്‍പ്പറേഷന്‍ മൂന്നാം പാദത്തില്‍ 7883 കോടി ലാഭമാണ് നേടിയത്. ഇന്ത്യയിലെ പെട്രോളിയം കമ്പനികളുടെ കൊള്ളലാഭക്കണക്ക് പുറത്തുവന്നതോടെ ഓഹരി വിപണിയിലും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നേട്ടമുണ്ടായി. 4 ശതമാനത്തോളം ഓഹരി വില നേട്ടമുണ്ടാക്കിയതോടെ ഓഹരി 415 ല്‍ എത്തി.

2013 ലാണ് ക്രൂഡ് ഇറക്കുമതിക്ക് ഏറ്റവും കൂടുതല്‍ ചെലവ് വേണ്ടി വന്നത്. ആ വര്‍ഷം ജൂണില്‍ ഡോളര്‍ മൂല്യം സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തി, 69 രൂപ. ക്രൂഡോയിലിനാകട്ടെ ബാരലിന് 100 ഡോളറിനും 120 ഡോളറിനും ഇടയ്ക്കായിരുന്നു. ക്രൂഡ് വിലയും ഡോളര്‍വിലയും ഉയര്‍ന്നുനിന്ന 2013ല്‍ ഡീസല്‍ വില ലീറ്ററിന് ശരാശരി 52 രൂപയായിരുന്നു. ഇപ്പോള്‍ ക്രൂഡ് വില 70 ഡോളറും ഡോളര്‍ മൂല്യം 63 രൂപയുമായിരിക്കെ ഡീസല്‍ വില ലിറ്ററിന് 69 രൂപ 42 പൈസ.