ഡല്‍ഹി: കര്‍ഷക നേതാവും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവുമായ രാകേഷ് തികൈതിന് വധ ഭീഷണി.ശനിയാഴ്ചയാണ് രാകേഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചത്.

വധ ഭീഷണി വന്നതിന് പിന്നാലെ പൊലീസിന് പരാതി നല്‍കി. രാകേഷ് തികൈതിന് വധ ഭീഷണി ഫോണ്‍ കോള്‍ ലഭിച്ചതായി തികൈതിന്റെ സഹായി പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷക പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ഉള്ള നേതാവാണ് രാകേഷ്.

യു.പിയിലെ ഗാസിയാബാദിലെ കൗസമ്പി പൊലീസ് സ്റ്റേഷനില്‍ വധഭീഷണവുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അതേസമയം, സര്‍ക്കാറുമായി ഈ മാസം 29 ന് കര്‍ഷകര്‍ ചര്‍ച്ച നടത്തുമെന്ന് രാകേഷ് തികൈത് പറഞ്ഞു.

കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയാകാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ശനിയാഴ്ച അറിയിച്ചിരുന്നു. ചര്‍ച്ചയാകാമെന്നും എന്നാല്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്.