മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അനുസരിക്കില്ലെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തന്റെ ഫോണ്‍ നമ്പര്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കില്ലെന്നും മറ്റുള്ളവരും ഈ രീതി പിന്തുടരമമെന്നും മമതാ ബാനര്‍ജി പറഞ്ഞു.

കൊല്‍ക്കത്തയിലെ നസ്രുല്‍ മാഞ്ചില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത.

‘എന്തു വില നല്‍കേണ്ടി വന്നാലും എന്റെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ല, മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും’ മമത പറഞ്ഞു.മറ്റുള്ളവരോടും ഈ രീതി തുടരാന്‍ ആവശ്യപ്പെടുമെന്നും അവര്‍ വ്യക്തമാക്കി.സ്വകാര്യതയുടെ മേലുള്ള കടന്നു കയറ്റമാണിത്. എല്ലാ ജനങ്ങളോടും ഇതിനെതിരെ പ്രതിഷേധിക്കണമെന്നാണെനിക്ക് പറയാനുള്ളത്. ഭാര്യക്കും ഭര്‍ത്താവിനുമിടയിലെ സ്വകാര്യ സംഭാഷണം പോലും ചോര്‍ത്തപ്പെടും. ഓരോ വ്യക്തിക്കും പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സ്വകാര്യതകള്‍ ഉണ്ട്. മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ലിങ്കു ചെയ്യണമെന്ന ഉത്തരവ് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് മാര്‍ച്ച് 23 നാണ് പുറത്തു വിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനെതിരായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.