തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ സഹകരണമേഖലയെ തകര്‍ക്കാനുള്ള നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി ഭരണപക്ഷവും പ്രതിപക്ഷവും സമരവുമായി രംഗത്ത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് രാവിലെ 10 മുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിനുമുന്നില്‍ സത്യാഗ്രഹമിരിക്കും. പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകും പ്രതിഷേധത്തിന്. എന്നാല്‍ ഇന്ന് നടക്കുന്ന സമരത്തില്‍ പ്രതിപക്ഷം പങ്കെടുക്കില്ല.

കുറച്ച് സമയത്തിനുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും സമരസ്ഥലത്തേക്ക് എത്തിച്ചേരും. ഇന്ന് മുഴുവന്‍ സമരമിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് സമരം നടക്കുന്ന സ്ഥലത്ത് ഇപ്പോള്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നോട്ട് നിരോധനം സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ സ്തംഭിപ്പിച്ചിരിക്കെയാണ് ഭരണ-പ്രതിപക്ഷ ഭേദമന്യേ സംസ്ഥാനം ഒറ്റക്കെട്ടായി കേന്ദ്രത്തിനെതിരെ സമരമുഖത്തെത്തുന്നത്. നാടിന്റെ പൊതുവികാരം പ്രകടിപ്പിക്കേണ്ടതിനാലാണ് ആദ്യപടിയെന്ന നിലയില്‍ മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും റിസര്‍വ് ബാങ്കിന് മുന്നില്‍ സത്യാഗ്രഹമിരിക്കുന്നത്. 21-ന് ഉച്ചയ്ക്കുശേഷം മൂന്നിന് സര്‍വകക്ഷിയോഗം വിളിക്കും. ബിജെപിയെയും ക്ഷണിക്കും. തുടര്‍നടപടി യോഗത്തില്‍ ആലോചിക്കും.