തിരുവനന്തപുരം: കൊച്ചിയിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസ ആക്രമണത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ-ഭരണപക്ഷ ബഹളം. മറൈന്‍ഡ്രൈവിലെ സദാചാര ഗുണ്ടായിസം നാടകമാണെന്നും അതിനു പിന്നില്‍ പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിനു പിന്നാലെയാണ് സഭയില്‍ ബഹളം തുടങ്ങിയത്. ഇതിനെതിരെ വന്‍പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മുഖ്യമന്ത്രിക്കടുത്തേക്കും പ്രതിഷേധവുമായെത്തിയതോടെ ഭരണപക്ഷ എം.എല്‍.എമാരും നടുത്തളത്തിലിറങ്ങുകയും ചെയ്തു. ഇരുവിഭാഗവും തമ്മില്‍ ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയായിരുന്നു.

ചാവക്കാട് നിന്നും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ 15000ലിറ്റര്‍ വെള്ളം പുഴയിലേക്ക് ഒഴുക്കിവിട്ടത് ഗുണ്ടകളാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ നിന്നാണ് സഭയില്‍ ബഹളം തുടങ്ങിയത്. ഇതിനെത്തുടര്‍ന്നുള്ള ബഹളത്തിലാണ് സഭ നിര്‍ത്തിവെച്ചത്.

അതേസമയം, മറൈന്‍ഡ്രൈവിലെ സദാചാര ഗുണ്ടായിസത്തില്‍ പോലീസിന് വീഴ്ച്ചപറ്റിയെന്ന് മുഖ്യമന്ത്രി ശരിവെച്ചു. അക്രമം കാട്ടിയവരെ പിന്തിരിപ്പിക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പോലീസ് ശ്രമിച്ചില്ലെന്നും ഇത് ഗുരുതര വീഴ്ച്ചയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കും. അക്രമികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതടക്കമുള്ളവ പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.