ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. കേരള ഹൗസിലാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ ഡല്‍ഹിയോടുള്ള നിലപാട് ശരിയല്ലെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സൗഹൃദസംഭാഷണമായിരുന്നു. ഡല്‍ഹി സര്‍ക്കാരിനെ സര്‍ക്കാരായി കാണാന്‍ കേന്ദ്രം തയ്യാറാകണം. സംസ്ഥാനങ്ങളുടെ അധികാരം കവരാനുള്ള ശ്രമങ്ങളോട് യോജിക്കാനാവില്ല. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ്സിനെ ആശ്രയിച്ചതുകൊണ്ട് കാര്യമില്ലെന്നും അതാണ് ഇന്ത്യയിലെ നിലവിലെ അവസ്ഥയില്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മതേതര കക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശബ്ദിക്കുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും ഇതൊരു പുതിയ തുടക്കത്തിന്റെ ഭാഗമാണെന്ന് കെജ്‌രിവാളും പറഞ്ഞു. ഇന്ന് രാവിലെയാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.