തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ അറിയാന്‍ പിണറായി വിജയന്‍ സാരിയുടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് കെ.ആര്‍.ഗൗരിയമ്മയുടെ ഉപദേശം. മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തിയായിരുന്നു ഗൗരിയമ്മയുടെ പരാമര്‍ശം. നിയമസഭയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മുന്‍സാമാജികരുടെ ഒത്തുചേരലായിരുന്നു വേദി.

‘പഴയ കാലത്ത് താനൊക്കെ രാത്രിയില്‍ ഒറ്റക്ക് പുറത്തിറങ്ങി നടക്കുമായിരുന്നു. ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി മാറി.മുഖ്യമന്ത്രി ഒരു സാരിയുടുത്ത് പുറത്തിറങ്ങിയാല്‍ അറിയാം അവസ്ഥ’ ഗൗരിയമ്മ പറഞ്ഞു. നിയമസഭയുടെ വജ്രജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മുന്‍സാമാജികരുടെ ഒത്തുചേരലായിരുന്നു വേദി. ആദ്യനിയമസഭയിലെ അംഗങ്ങളായിരുന്ന കെ.ആര്‍.ഗൗരിയമ്മയേയും ഇ.ചന്ദ്രശേഖരനേയും ചടങ്ങില്‍ ആദരിച്ചു.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇ.ചന്ദ്രശേഖരന്‍ ചടങ്ങിനെത്തിയിരുന്നില്ല. മുഖ്യമന്ത്രിയാണ് സുഹൃദ്‌സംഗമം ഉദ്ഘാടനം ചെയ്തത്. കൂട്ടായ്മകള്‍ തുടര്‍ന്നും സംഘടിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞത്. പഴയനിയമസഭയിലെ സ്വന്തം ഇരിപ്പിടങ്ങളില്‍ ഇരുന്നും ഓര്‍മകള്‍ പങ്കുവെച്ചുമാണ് മുന്‍ സാമാജികര്‍ പിരിഞ്ഞത്.