തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാറിന്റെ അഴിമതികള്‍ ഒന്നൊന്നായി പ്രതിപക്ഷം തുറന്നുകാട്ടിയതോടെ ദേശീയ രാഷ്ട്രീയവും അന്തര്‍ദേശീയ രാഷ്ട്രീയവും പറഞ്ഞ് നീട്ടി വലിച്ച് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം. മൂന്ന് മണിക്കൂറിലധികം പ്രസംഗിച്ചിട്ടും സര്‍ക്കാറിനെതിരെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ക്കൊന്നും വ്യക്തമായി മറുപടി പറയാന്‍ മുഖ്യമന്ത്രിക്കായില്ല.

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് തകരുകയാണ്, ബിജെപി കോണ്‍ഗ്രസ് സഖ്യമാണ്, ബാബരി വിഷയത്തില്‍ കോണ്‍ഗ്രസ് ബിജെപിക്കൊപ്പമാണ് തുടങ്ങി പതിവ് ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികള്‍ ഉന്നയിക്കുന്ന വസ്തുതാവിരുദ്ധമായ നിലവാരമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. കേരളത്തിലെ മതനിരപേക്ഷതയും മതസൗഹാര്‍ദ്ദവും സിപിമ്മിന്റെ നേട്ടം മാത്രമായി ഉയര്‍ത്തിക്കാട്ടാനും മുഖ്യമന്ത്രി മറന്നില്ല.

ഭരണപക്ഷത്തെ മികച്ച പ്രസംഗമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആഘോഷിച്ച എം. സ്വരാജിന്റെ പ്രസംഗവും ദേശീയ രാഷ്ട്രീയത്തിലേക്കുള്ള രക്ഷപ്പെടലായിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തെക്കുറിച്ചായിരുന്നു സ്വരാജിന്റെ ആശങ്കകള്‍ മുഴുവന്‍. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരെ വീണ്ടും ആരോപണങ്ങളുന്നയിക്കുകയായിരുന്നു സ്വരാജ്. നാലര വര്‍ഷം ഭരിച്ചിട്ടും ഒരു നിയമനടപടിയും സ്വീകരിക്കാനാവാത്തവര്‍ വീണ്ടും ആരോപണങ്ങളുന്നയിക്കുന്നത് സെല്‍ഫ് ഗോളാണെന്ന കാര്യം പോലും സ്വരാജ് മറന്നു.

പ്രതിപക്ഷത്ത് നിന്ന് വി.ഡി സതീശന്‍, കെ.എം ഷാജി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷാഫി പറമ്പില്‍ തുടങ്ങിയവരെല്ലാം സര്‍ക്കാറിന്റെ വീഴ്ച്ചകളും ചീഞ്ഞുനാറുന്ന അഴിമതിക്കഥകളും തുറന്നുകാട്ടി. സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക്, ലൈഫ് പദ്ധതിയിലെ അട്ടിമറി, ബെവ്ക്യൂ ആപ്പും ലൈഫ് മിഷന്‍ കൈക്കൂലിയുമായുള്ള ബന്ധം, മന്ത്രി ജലീലിന്റെ അഴിമതി, പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതി തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. രഥയാത്ര, ഹാഗിയ സോഫിയ, സ്വാതന്ത്ര്യ സമര ചരിത്രം, ബിജെപിയുടെ ഭരണവൈകല്യങ്ങള്‍, സംഘപരിവാറിന്റെ കാവിവല്‍ക്കരണം തുടങ്ങിയവയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.