X

ഏഴു വയസ്സുകാരനെ ക്രൂരമായി അക്രമിച്ച പ്രതിക്കെതിരെ ലൈംഗിക പീഡനവും പോക്‌സോയും ചുമത്തി


മാതാവിന്റെ കാമുകന്‍ കൊല്ലാക്കൊല ചെയ്ത ഏഴുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും ഇരയാക്കിയിരുന്നതായി കണ്ടെത്തി. ഇതേതുടര്‍ന്ന് പ്രതിക്കെതിരെ നേരത്തെ ചുമത്തിയിരുന്ന വധശ്രമം, ബാലനീതി നിയമ ലംഘനം എന്നീ വകുപ്പുകള്‍ക്ക് പുറമെ പോക്‌സോ നിയമപ്രകാരവും കേസെടുത്തതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ ആനന്ദ് (36) ആണ് സമാനതകളില്ലാത്ത ക്രൂരതയുടെ പേരില്‍ കഴിഞ്ഞ ദിവസം തൊടുപുഴയില്‍ അറസ്റ്റിലായത്. ഇയാളുടെ ക്രൂരതയ്ക്ക് ഇരയായി കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ വെന്റിലേറ്ററില്‍ മരണത്തോട് മല്ലടിച്ചുകഴിയുന്ന കുട്ടിയുടെ ലൈംഗീകാവയവങ്ങളില്‍ ക്ഷതമേറ്റിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍മാരാണ് പൊലീസിന് വിവരം കൈമാറിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതിക്ക് പ്രകൃതിവിരുദ്ധ ലൈംഗീക വൈകൃതങ്ങളും ഉണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. എന്നാല്‍ കഴിഞ്ഞദിവസം കുട്ടിയുടെ മാതാവിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഈ കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. പ്രതിയെ ഭയന്നിട്ടാവാം യുവതി വിവരങ്ങള്‍ പുറത്തു പറയാത്തതെന്ന നിഗമനത്തില്‍ ഇന്നലെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ പ്രോസിക്യൂഷന് അനുകൂലമായി സംസാരിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇന്നലത്തെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി രഹസ്യമൊഴി (164) രേഖപ്പെടുത്തുമെന്നും പൊലീസ് മേധാവി പറഞ്ഞു.
കുട്ടിയെ മര്‍ദ്ദനത്തിരയാക്കിയ വാടകവീട്ടില്‍ ഇന്നലെ രാവിലെ പ്രതിയെ എത്തിച്ച് പൊലീസ് വിശദമായ തെളിവെടുപ്പ് നടത്തി. നേരത്തെ ഫോറന്‍സിക് വിദഗ്ധരും തെളിവെടുത്തിരുന്നു. വീട്ടില്‍ നന്ന് മാരകായുധങ്ങളും കുട്ടിയെ മര്‍ദ്ദിച്ചതിന് നിരവധി ശാസ്ത്രീയ തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. പ്രതിയും കാമുകിയും സംഭവദിവസം സഞ്ചരിച്ച കാറില്‍ നിന്ന് മഴു ഉള്‍പ്പെടെ പൊലീസ് കണ്ടെടുത്തിരുന്നു. അരുണിന്റെ ക്രമിനില്‍ പശ്ചാത്തലത്തിലേക്ക് കൂടുതല്‍വെളിച്ചം വീശുന്ന തെളിവുകളാണ് ലഭിച്ചിട്ടുള്ളത്.
സ്ത്രീകള്‍ ഉള്‍പ്പെടെ സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരുടെ രോഷപ്രകടനത്തില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് പൊലീസ് ഇയാളെ രക്ഷപ്പെടുത്തിയത്. അതിനിടെ യുവതിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സംബന്ധിച്ചും നാട്ടുകാര്‍ക്കിടയില്‍ സംശയം ബലപ്പെടുകയാണ്. ഹൃദയാഘാതത്തെ തുടന്നായിരുന്നു മരണമെന്നാണ് ഇതുവരെ പറഞ്ഞരുന്നത്. ഇതേക്കുറിച്ച് ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് പൊലീസ് മേധാവി പറഞ്ഞു. തെളിവെടുപ്പിന് ശേഷം ഇന്നലെ വൈകിട്ട് അടിമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

web desk 1: