കൊച്ചി: അങ്കമാലിയില്‍ മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ശരീരത്തില്‍ കയറിയിരുന്ന് മന്ത്രിയുടെ വാഹനം കടന്നുപോകാന്‍ വഴിയൊരുക്കുന്ന പൊലിസ് ഉദ്യോഗസ്ഥന്‍. മലയാള മനോരമ ദിനപത്രത്തില്‍ ഈ അടിക്കുറിപ്പോടെ വന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ച. കോണ്‍ഗ്രസ് നേതാക്കളും ചലച്ചിത്ര സംവിധായകരുമടക്കമുള്ളവര്‍ ചിത്രം പങ്കുവച്ച് പൊലീസിനെതിരെ വിമര്‍ശനമുന്നയിക്കുന്നു.

അമേരിക്കയിലെ പോലീസ് ഒരു കറുത്ത വർഗ്ഗക്കാരനോട് കാണിച്ച ക്രൂരതയുടെ ചിത്രം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. അമേരിക്കയിലെ…

Posted by Pc vishnunadh on Monday, September 14, 2020

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ കഴുത്തില്‍ കാല്‍മുട്ടുകള്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്ന സംഭവവുമായി താരതമ്യം ചെയ്താണ് മിക്കവരും വിമര്‍ശനം ഉന്നയിക്കുന്നത്. പൊലീസിന്റെ അതിക്രൂരത വെളിവാകുന്ന ചിത്രമെന്നാണ് സൈബര്‍ ഇടങ്ങള്‍ പറയുന്നത്. അന്ന് മരിച്ചയാള്‍ പറഞ്ഞ എനിക്ക് ശ്വാസം മുട്ടുന്നു എന്ന വാക്കുകള്‍ മുദ്രാവാക്യമായി ഉയര്‍ത്തി ലോകമാകെ വന്‍ പ്രക്ഷോഭം അലതല്ലിയിരുന്നു. അന്ന് കേരള പൊലീസില്‍ നിന്നുപോലും പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നുവെന്നും ഇപ്പോള്‍ ഈ രണ്ടു ചിത്രങ്ങള്‍ പങ്കുവച്ച് പ്രതിഷേധം രേഖപ്പെടുത്തുന്നു. കോണ്‍ഗ്രസ് നേതാക്കളായ പി.സി വിഷ്ണുനാഥും വി.ടി ബല്‍റാമുമെല്ലാം സര്‍ക്കാരിനും കേരള പൊലീസിനുമെതിരെ അമര്‍ഷം രേഖപ്പെടുത്തി രംഗത്തെത്തി.

പൗരനും പിണറായി സർക്കാരും

Posted by VT Balram on Monday, September 14, 2020

ആ കുപ്രസിദ്ധ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന പോലീസ് ഭീകരതയുടെ ചിത്രമാണ് കേരളത്തില്‍ പുറത്തുവന്നത് എന്നാണ് ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ‘പൗരനും പിണറായി സര്‍ക്കാരും’ എന്ന തലക്കെട്ടോടെയാണ് വി.ടി ബല്‍റാം എംഎല്‍എ ചിത്രം പങ്കുവച്ചത്. സംവിധായകന്‍ അരുണ്‍ ഗോപി അടക്കമുള്ളവരും വിമര്‍ശനവുമായി രംഗത്തെത്തി.