കാസര്‍കോഡ്: വാഹനപരിശോധനയ്ക്കിടെ കാസര്‍കോഡ് യുവാക്കള്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മൂന്ന് യുവാക്കളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളിയടുക്കം ബെണ്ടിച്ചാല്‍ സ്വദേശികളായ ബാരിക്കാട് ഹംസ മുഹമ്മദ് (28), മുഹമ്മദ് ഷംസീര്‍(26) മുഹമ്മദ് സക്കീര്‍(24) എന്നിവരെയാണ് പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചത്.

രണ്ടു ബൈക്കുകളിലായി എത്തിയ ഇവരെ പോലീസ് പട്രോളിങ്ങിനിടെ കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. ലൈസന്‍സും മറ്റു രേഖകളുമില്ലാത്തതിനാല്‍ ഇവരോട് സ്‌റ്റേഷനിലെത്താന്‍ പോലീസ് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സ്‌റ്റേഷനിലെത്തിയ യുവാക്കളെ പോലീസ് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ ക്രൂരമര്‍ദ്ദനത്തിന് പുറമെ പരുക്കേറ്റ യുവാക്കള്‍ക്കെതിരെ പൊലീസുകാരെ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

നിലത്ത് കിടത്തി ബൂട്ട് ഉപയോഗിച്ച് ചവിട്ടിയെന്നും ലാത്തി ഉപയോഗിച്ച് പുറത്തു തല്ലിയെന്നും യുവാക്കള്‍ പറഞ്ഞു. എട്ടുപോലീസുകാര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും അവര്‍ വ്യക്തമാക്കി. യുവാക്കളുടെ മൊഴിയെടുത്ത ശേഷം ഇവരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് കാസര്‍കോട് ടൗണ്‍ സിഐ അബ്ദുല്‍ റഹീം അറിയിച്ചു.