ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തതിന് യുവാവിനെ നടുറോഡില്‍ പൊലീസ് ക്രൂരമായി മര്‍ദിച്ചു. 35കാരനായ ഓട്ടോറിക്ഷ ഡ്രൈവര്‍ കൃഷ്ണ കെയെര്‍ ആണ് മര്‍ദനത്തിനിരയായത്. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. മാസ്‌ക് ധരിച്ചിരുന്നെങ്കിലും മൂക്കില്‍നിന്നും താഴേക്ക് മാറിക്കിടക്കുകയായിരുന്നു. പൊലീസ് കൃഷ്ണയോട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. കൃഷ്ണ തയാറാകാത്തതിനെത്തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

അസുഖ ബാധിതനായ പിതാവിനെ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു കൃഷ്ണ. സമീപത്തുണ്ടായിരുന്ന ആളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പൊലീസ് ചവിട്ടുന്നതും അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കൂടെയുണ്ടായിരുന്ന മകന്‍ സഹായത്തിനായി കരയുന്നതും ദൃശ്യങ്ങളിലുണ്ട്.

പൊലീസ് ഉദ്യോഗസ്ഥരായ കമല്‍ പ്രജാപത്, ധര്‍മേന്ദ്ര ജാട് എന്നിവരാണ് മര്‍ദിച്ചത്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ ആദ്യം തയാറായില്ല. എന്നാല്‍ വിഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഇരുവരേയും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.