തിരുവനന്തപുരം: കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മക്കെതിരെ പോക്സോ ചുമത്തി കേസെടുത്ത സംഭവം ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. കേസില്‍ ഉയര്‍ന്ന ആരോപണങ്ങളും ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും.

മകനെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ തിരുവനന്തപുരം കടയ്ക്കാവൂരില്‍ സ്ത്രീ അറസ്റ്റിലായിരുന്നു. എന്നാല്‍ രണ്ടാം വിവാഹം എതിര്‍ത്തതിന് ഭര്‍ത്താവ് മനപ്പൂര്‍വ്വം കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് സ്ത്രീയുടെ ബന്ധുക്കളുടെ ആരോപണം. ഇളയ കുട്ടിയും അമ്മക്ക് അനുകൂലമായി മൊഴിനല്‍കിയിരുന്നു. അതേസമയം കുട്ടിയുടെ പിതാവ് പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ്.

കേസില്‍ പോലീസ് എഫ്‌ഐആര്‍. തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടായതായി ആരോപിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വക്കേറ്റ് എന്‍. സുനന്ദയും രംഗത്തെത്തിയിരുന്നു. ഈ കേസിന്റെ എഫ്‌ഐആറില്‍ വിവരം നല്‍കിയ ആളുടെ സ്ഥാനത്ത് സുനന്ദയുടെ പേരാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ താന്‍ ഇത്തരത്തിലൊരു വിവരം നല്‍കിയിട്ടില്ലെന്നാണ് സുനന്ദ പറയുന്നത്. മാത്രമല്ല, എഫ്‌ഐആര്‍ തയ്യാറാക്കിയതില്‍ പോലീസിന് വീഴ്ച പറ്റിയെന്നും സുനന്ദ പറയുന്നു. ഇത്തരത്തിലൊരു പരാതി ഒരിക്കലും സിഡബ്ല്യൂസിയുടെ ഭാഗത്തുനിന്ന് സാധാരണരീതിയില്‍ പോലും പോലീസിന് കൈമാറാറില്ല.

ഈ കേസില്‍ പരാതി ലഭിച്ചതിനു ശേഷം കൗണ്‍സിലിങ്ങിന് വേണ്ടി മാത്രമാണ് പോലീസ് കുട്ടിയെ സിഡബ്ല്യൂസിക്ക് മുന്നില്‍ ഹാജരാക്കിയതെന്നും സുനന്ദ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുക മാത്രമാണ് സിഡബ്ല്യൂസി ചെയ്തത്. മറിച്ച് പരാതി കൊടുക്കുകയോ ഇത്തരമൊരു സംഭവമുണ്ടെന്ന് പോലീസിനെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സിഡബ്ല്യൂസി പറയുന്നത്.