ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് അഫ്‌സല്‍ ഗുരു പന്ത്രണ്ടാം ക്ലാസില്‍ മികച്ച വിജയം നേടി. രണ്ട് വര്‍ഷം മുമ്പ് പത്താം ക്‌ളാസില്‍ നേടിയ മികച്ച വിജയം പന്ത്രണ്ടാം ക്ലാസിലും ആവര്‍ത്തിക്കുകയായിരുന്നു ഗാലിബ്. ജമ്മു കശ്മീര്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ (ബി.ഒ.എസ്.ഇ) ഇന്ന് പ്രഖ്യാപിച്ച പ്ലസ്ടു പപരീക്ഷാ ഫലത്തില്‍ ഗാലിബ് ഗുരു 88 ശതമാനം മാര്‍ക്ക് നേടിയാണ് വിജയിച്ചത്.

എന്‍വയോണ്‍മെന്ര് സയന്‍സില്‍ 94, കെമിസ്ട്രിയില്‍ 89, ഫിസിക്‌സിന് 87, ബയോളജിക്ക് 85 ഉം ഇംഗ്ലീഷിന് 86 മാര്‍ക്കും നേടി ഡിസ്റ്റിങ്ഷനാണ് ഗാലിബ് പ്ലസ് ടുവിനും നേടിയത്. പത്താം ക്ലാസ് വിജയിച്ച 2016 ല്‍ എംബിബിഎസ്സിന് പഠിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് ഗാലിബ് പറഞ്ഞിരുന്നു.

‘എനിക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിലാണ് താല്‍പര്യം. ഒരു ഡോക്ടറാവാനാണ് താല്‍പ്പര്യം. അത് എന്നെ രക്ഷിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ആഗ്രഹമാണ്. ഡോക്ടറായി അവരുടെ ആഗ്രഹം സഫലമാക്കാന്‍ ഞാന്‍ ശ്രമിക്കും’ ഗാലിബ് പറഞ്ഞു.

ഗാലിബിനെ പിതാവ് അഫ്‌സല്‍ ഗുരു മെഡിക്കല്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ച് പോയതാണ്. അഫ്‌സല്‍ ഗുരു അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഗാലിബിന് രണ്ട് വയസ്സ് മാത്രമായിരുന്നു പ്രായം. പാര്‍ലമെന്ര് ആക്രമണകേസില്‍ 2013 ലാണ് അഫ്‌സല്‍ ഗുരുവിന്രെ വധശിക്ഷ നടപ്പാക്കിയത്.