പൊന്നാനി : യുവാവിന് പശയും മുളകുപൊടിയും ചേര്‍ത്ത വെള്ളം മുഖത്തൊഴിച്ച് ക്രൂരമര്‍ദനം. പശ കണ്ണില്‍ ഒട്ടിപ്പിടിച്ചതിനാല്‍ കണ്ണുതുറക്കാന്‍ പോലും കഴിയാതെ ശരീരമാസകലം പരിക്കേറ്റ പൊന്നാനി കമാം വളവ് കീക്കാട്ടില്‍ ജബ്ബാറിനെ(37) തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കണ്ണിലെ ഒട്ടിപ്പിടിച്ച പശകള്‍ നീക്കംചെയ്ത് കാഴ്ചശക്തി തിരിച്ച് കിട്ടിയത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോവുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് പേരടങ്ങുന്ന സംഘം അക്രമം നടത്തുകയായിരുന്നു. പശ മുഖത്ത് ഒഴിച്ചതിനു ശേഷമായിരുന്നു മര്‍ദനം.

ഇത് രണ്ടാം തവണയാണ് ജബ്ബാറിനു നേരെ ആക്രമണം നടക്കുന്നത്. തന്റെ എട്ട് വയസ്സുള്ള മകന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടത് ഡോക്ടര്‍ മരുന്ന് മാറി നല്‍കിയതാണെന്ന് ആരോപിച്ച് നവ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെത്തുടര്‍ന്നായിരുന്നു ആദ്യമര്‍ദനമെന്ന് ജബ്ബാര്‍ പറയുന്നു. സംഭവത്തില്‍ ജബ്ബാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.