ബാഹുബലിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന തെലുങ്ക് നടന്‍ പ്രഭാസിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഒട്ടേറെ വാര്‍ത്തകള്‍ പരന്നിരുന്നു. ചിത്രത്തിന്റെ ഒന്നാംഭാഗത്തിനും രണ്ടാം ഭാഗത്തിനുമായി അഞ്ച് വര്‍ഷത്തോളം ചിലവഴിച്ച താരം റിലീസിനുശേഷം വിവാഹവാര്‍ത്തകളിലാണ് ഏറ്റവും കൂടുതല്‍ നിറഞ്ഞുനിന്നിരുന്നത്. ചിത്രത്തിലെ ജോഡിയായ അനുഷ്‌കയെയാണ് വിവാഹം കഴിക്കുന്നതെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ആ വാര്‍ത്ത പ്രഭാസിന്റെ വീട്ടുകാര്‍ നിഷേധിച്ചു. തുടര്‍ന്നാണ് റാസി സിമന്റ്‌സിന്റെ ചെയര്‍മാന്‍ ഭൂപതി രാജയുടെ പേരക്കുട്ടിയെ വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്ത പരന്നത്. എന്നാല്‍ ഇതും വീട്ടുകാര്‍ നിഷേധിക്കുകയായിരുന്നു.

വാര്‍ത്ത തെറ്റാണ്. പ്രഭാസിന് വേണ്ടി ഇപ്പോള്‍ വിവാഹാലോചനകള്‍ നടക്കുന്നില്ല. പുതിയ ചിത്രമായ ‘സാഹോ’യുടെ തിരക്കിലാണിപ്പോള്‍ പ്രഭാസെന്നും വീട്ടുകാര്‍ പറഞ്ഞു. നേരത്തെ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ പ്രഭാസിന്റെ ഭാര്യയാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പ്രഭാസിന്റെ അമ്മാവന്‍ കൃഷ്ണം രാജ് അറിയിക്കുകയും ചെയ്തു. എന്തായാലും ബാഹുബലിയുടേയും അനുഷ്‌കയുടേയും ആരാധകര്‍ ആഗ്രഹിക്കുന്നത് ഇരുവരേയും ജീവിതത്തിലും ഒരുമിച്ച് കാണാനാണ്. പ്രഭാസിന്റെ വിവാഹ വാര്‍ത്ത തെറ്റാണെന്നത് അനുഷ്‌ക ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.