ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഒരുക്കിയ ഇഫ്താറിലേക്ക് മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയെത്തി. ഏറെ വിവാദമായ ആര്‍.എസ്.എസ് കാര്യാലയം സന്ദര്‍ശിച്ചതിനു ശേഷം പ്രണബും രാഹുലും ആദ്യമായാണ് നേരില്‍ കാണുന്നത്. നേരത്തെ, വിരുന്നിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന ആരോപണം തള്ളി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഡല്‍ഹിയിലെ താജ് ഹോട്ടലിലായിരുന്നു ഇഫ്താര്‍ വിരുന്ന്.

 

മുന്‍ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി, ദിനേശ് തൃവേദി, മല്ലികാര്‍ജുന ഖാര്‍ഗെ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി.രാജ, ഗുലാം നബി ആസാദ്, എ.കെ ആന്റണി, മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ആനന്ദ്ശര്‍മ, കനിമൊഴി എം.പി, എം.എം ഹസന്‍, പ്രൊഫ. കെ.വി തോമസ് തുടങ്ങി രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തികള്‍ ഇഫ്താറിനെത്തി. മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഫ്താറിനെത്താനായില്ല. രാഗുല്‍ഗാന്ധിക്ക് തങ്ങളുടെ സന്ദേശം പി.കെ കുഞ്ഞാലിക്കുട്ടി എം.പി കൈമാറി.

 

ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന് വിരുന്നില്‍ പങ്കെടുക്കാനായില്ല. പട്‌നയില്‍ അദ്ദേഹം ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കേണ്ടതിനാലാണ് എത്താന്‍ കഴിയാതിരുന്നത്. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ലയും വിരുന്നിനെത്തിയില്ല.