കോഴിക്കോട്: സഊദിയില്‍ നിന്നെത്തിയ യാത്രക്കാരനെ കൊള്ളയടിച്ച് കാര്‍ കൈവശപ്പെടുത്തിയ സംഘം കടന്നു കളഞ്ഞതായി പരാതി. സഊദിയിലെ സിവില്‍ എഞ്ചിനീയര്‍ മുക്കം കുമരനല്ലൂര്‍ മുഹമ്മദ് ജംനാസ്(28) ആണ് അക്രമത്തിന് ഇരയായത്. ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നതടക്കമുള്ള വിലപ്പെട്ട വസ്തുക്കള്‍ നഷ്ടമായിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ രണ്ടിന് കോഴിക്കോട് പൊറ്റമ്മല്‍ വെച്ചാണ് ഇന്നോവയില്‍ എത്തിയ സംഘം മുഹമ്മദ് ജംനാസിനെയും സുഹൃത്ത് വെള്ളിമാട്കുന്ന് സ്വദേശി സിയാസ് റഹ്മാനെ(20)യും സംഘം ആക്രമിച്ചത്. കരിപ്പൂരില്‍ വിമാനമിറങ്ങി കാര്‍ മാര്‍ഗം മുക്കത്തേക്ക് പോകുമ്പോള്‍ പൊറ്റമ്മല്‍ വെച്ച് ഇവരെ പിന്തുടര്‍ന്ന ഇന്നോവ കാര്‍ റോഡില്‍ വിലങ്ങിട്ട് കാറിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു.

മര്‍ദ്ദിച്ച് അവശരാക്കിയശേഷം സംഘം കാര്‍ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. കാര്‍ പിന്നീട് അഴിഞ്ഞിലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മുഹമ്മദ് ജംനാസ് നാഷണല്‍ ആസ്പത്രിയിലും സിയാസ് റഹ്മാന്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടി. മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കവര്‍ച്ചാശ്രമത്തിനാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിട്ടുള്ളത്.