ബംഗളൂരു: ഐപിഎല്‍ പതിമൂന്നാം സീസണില്‍ ഫോം കണ്ടെത്താനാവാതെ ഉഴറുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാത് കോലിക്ക് പിന്തുണയുമായി ബോളിവുഡ് നടിയും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമയുമായ പ്രീതി സിന്റ. ഇന്നലെ മുംബൈക്കെതിരായി നടന്ന മത്സരത്തിലെ സൂപ്പര്‍ ഓവറില്‍ അവസാന പന്തില്‍ ഫോറടിച്ചാണ് കോലി ബാംഗ്ലൂരിനെ വിജയതീരത്തെത്തിച്ചിരുന്നത്. ഇതെടുത്ത് പറഞ്ഞു കൊണ്ടാണ് പ്രീതി സിന്റെ വിരാത് കോലിക്ക് പിന്തുണയര്‍പ്പിച്ചത്. ഫോം എന്നത് താല്‍ക്കാലികമാണെന്നും ക്ലാസ് എന്നതാണ് ശാശ്വതമെന്നും പ്രീതി സിന്റ പറഞ്ഞു.

ഒപ്പം മുംബൈ താരം ഇഷാന്‍ കിഷനേയും പ്രീതി അഭിനന്ദിച്ചു. ‘ഓ എന്റെ ദൈവമേ, മറ്റൊരു ആവേശകരമായ സൂപ്പര്‍ ഓവര്‍. ഇരു ടീമും നന്നായി കളിച്ചു. ഇഷാന്‍ കിഷനൊപ്പമാണ് എന്റെ ഹൃദയം. മുംബൈക്ക് അഭിനന്ദനം, ബാഡ് ലക്ക്. അവസാന പന്തിലെ ബൗണ്ടറിയാണ് ആര്‍സിബിയെ വിജയിപ്പിച്ചത്. ഫോം താല്‍ക്കാലികവും ക്ലാസ് ശാശ്വതവുമാണ്’പ്രീത് സിന്റ ട്വിറ്ററില്‍ കുറിച്ചു.

യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ കളിച്ച മൂന്നു കളിയിലും നിറം മങ്ങിയ പ്രകടനമാണ് വിരാത് കോലി കാഴ്ചവച്ചത്. ആകെയുള്ള ആശ്വാസം ഇന്നലെ സൂപ്പര്‍ ഓവറിലെ അവസാന ബോളില്‍ അടിച്ച നാലു റണ്‍സ് മാത്രമാണ്. ബാറ്റിങ്ങില്‍ പരാജയപ്പെട്ട താരം ഫീല്‍ഡിങ്ങിലും വന്‍ തോല്‍വിയായിരുന്നു. പഞ്ചാബിനെതിരായ മത്സരത്തില്‍ അനായാസമായ രണ്ടു ക്യാച്ചുകളാണ് താരം വിട്ടുകളഞ്ഞത്. ഇതേതുടര്‍ന്ന് സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ളവര്‍ കോലിക്കെതിരെ രംഗത്തെത്തിയിരുന്നു.