ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും ശബളം മൂന്നിരട്ടിയായി വര്‍ധിപ്പിക്കുന്നു.

ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദേശപ്രകാരം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ വേതനം രാഷ്ട്രപതിയുടെ ശമ്പളത്തേക്കാള്‍ ലക്ഷം രൂപ കൂടിയതോടെയാണ് നടപടി.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയുടെ ശമ്പളവര്‍ധനവിന് ശുപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.
ഇതോടെ രാഷ്ട്രപതിയുടെ ശമ്പളം അഞ്ചു ലക്ഷം രൂപയും ഉപരാഷ്ട്രപതിയുടെ ശമ്പളം മൂന്നര ലക്ഷം രൂപയുമായി ഉയരും.

നിലവില്‍ രാഷ്ട്രപതിക്ക് 1.50 ലക്ഷം രൂപയും ഉപരാഷ്ട്രപതിക്ക് 1.25 ലക്ഷം രൂപയും ഗവര്‍ണര്‍മാര്‍ക്ക് 1.10 ലക്ഷം രൂപയുമാണ് പ്രതിമാസ വേതനം. ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ കാബിനെറ്റ് സെക്രട്ടറിയുടെ ശമ്പളം 2.50 ലക്ഷം രൂപയാണ്.

hamid_ansari_jun22

മുന്‍ വര്‍ധനവ് 2008ല്‍

2008ലാണ് അവസാനമായി ഇരുവരുടെയും ശമ്പളം വര്‍ധിപ്പിച്ചത്. അന്ന് രാഷ്ട്രപതിക്ക് 50000 രൂപയില്‍ നിന്ന് ഒന്നരലക്ഷം രൂപയാക്കി ഉയര്‍ത്തുകയായിരുന്നു. 2008ലും മൂന്നിരട്ടിയുടെ വര്‍ധനവാണ് രാഷ്ട്രപതിയുടെ ശമ്പളത്തിലുണ്ടായത്.

രാഷ്ട്രപതി വിരമിക്കുകയാണെങ്കില്‍ പെന്‍ഷനായി ഒന്നരലക്ഷം രൂപയും അന്തരിച്ച രാഷ്ട്രപതിയുടെ ഭാര്യക്ക് പ്രതിമാസം 30,000 രൂപയും ലഭിക്കും. ഇതിന് ആനുപാതികമായി മുന്‍ ഉപരാഷ്ട്രപതിമാര്‍ക്കും അന്തരിച്ച ഉപരാഷ്ട്രപതിമാരുടെ ഭാര്യമാര്‍ക്കുമുള്ള പെന്‍ഷന്‍ തുകയും ഉയര്‍ത്തും.