കൊല്ലം: അരിവാള്‍ ചുറ്റിക നക്ഷത്രം പതിപ്പിച്ച മാസ്‌ക് ധരിച്ച് ഡ്യൂട്ടിക്കെത്തിയ വനിതാ പ്രിസൈഡിങ് ഓഫീസറെ മാറ്റി. കൊല്ലം മുഖത്തല ബ്ലോക്കിലെ കൊറ്റങ്കര ജില്ലാ പഞ്ചായത്ത് പരിധിയിലെ ജോണ്‍സ് കശുവണ്ടി ഫാക്ടറിയിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് സംഭവം.

ഉദ്യോഗസ്ഥ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നം പതിപ്പിച്ച മാസ്‌ക് ധരിച്ച് ബൂത്തിലെത്തിയതിനെതിരെ ബിജെപി, യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. തുടര്‍ന്ന് ഇവര്‍ രേഖാമൂലമുളള പരാതി ജില്ലാ കലക്ടര്‍ക്ക് കൈമാറുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് ഉദ്യോഗസ്ഥയെ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് മാറ്റിനിറുത്തിയത്.

പകരം ചുമതല മറ്റൊരു ഉദ്യോഗസ്ഥന് ചുമതല കൈമാറി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സംഭവം നിയമപരമായി നേരിടുമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.

പാര്‍ട്ടി ചിഹ്നങ്ങള്‍ ഒരു കാരണവശാലും ബൂത്തിലോ സമീപത്തോ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.