കോഴിക്കോട്: കോര്‍പറേഷനില്‍ വിമത സ്ഥാനാര്‍ത്ഥിയുടെ പത്രികാ സമര്‍പ്പണം ക്യാമറയില്‍ പകര്‍ത്തിയതിന് ഫോട്ടോഗ്രാഫര്‍ക്ക് വധ ഭീഷണി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന അഞ്ചു പേര്‍ക്കെതിരെയാണ് കേസ്.

മലയാള മനോരമ സീനിയര്‍ ഫോട്ടോഗ്രാഫര്‍ സജീഷ് ശങ്കറിന് നേരെയാണ് അതിക്രമമുണ്ടായത്. ഫോട്ടോ എടുക്കുന്നതിനിടെ കൈയില്‍ നിന്ന് ക്യാമറ പിടിച്ചു വാങ്ങിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സജീഷ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്യിച്ച ശേഷമാണ് സംഘം മടങ്ങിയത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ച കോര്‍പറേഷന്‍ ഓഫീസിലെ ഹാളിന് സമീപത്തു വച്ചാണ് സിപിഎം പ്രവര്‍ത്തകരുടെ കൈയേറ്റം അരങ്ങേറിയത്.

കോര്‍പറേഷന്‍ 35-ാം ഡിവിഷനായ ആഴ്ചവട്ടത്തെ സിപിഎം കൗണ്‍സിലര്‍ പിപി ഷാഹിദയാണ് വിമത സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചത്. മുന്നണിയിലേക്ക് തിരിച്ചെത്തിയ എല്‍ജെഡിക്കാണ് ഇത്തവണ സിപിഎം ഈ സീറ്റു നല്‍കിയത്. ഇതോടെയാണ് സിറ്റിങ് കൗണ്‍സിലര്‍ വിമത സ്ഥാനാര്‍ത്ഥിയായത്.

സീറ്റ് എല്‍ജെഡിക്ക് കൈമാറിയതിന് എതിരെ ആഴ്ചവട്ടത്ത് കനത്ത പ്രതിഷേധമാണ് ഉണ്ടായിരുന്നത്. ഇതിന്റെ അലയൊലികളാണ് കോര്‍പറേഷന്‍ പരിസരത്തുണ്ടായത്.