ഡല്‍ഹി: കര്‍ഷകരുടെ ഒരാവശ്യവും നിറവേറ്റാതെ വന്നാല്‍ കര്‍ഷകര്‍ എന്ത് ചെയ്യും, തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ വന്നപ്പോള്‍ ഒടുവില്‍ കര്‍ഷകരും പ്രധാനമന്ത്രിയെ ട്രോളി തോല്‍പ്പിച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ വ്യത്യസ്ത സമരവുമായി കര്‍ഷകര്‍ . ഭാരതീയ കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തിലായിരുന്നു ഡല്‍ഹി ജന്തര്‍മന്ദറില്‍ ഈ വ്യത്യസ്ത സമരം നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മികച്ച കര്‍ഷക വിരുദ്ധ പ്രധാനമന്ത്രിക്കുള്ള അവാര്‍ഡ് സമര്‍പ്പിച്ചായിരുന്നു പ്രതിഷേധം.

കാര്‍ഷിക കടം എഴുതി തള്ളുക, കാര്‍ഷികോല്‍പന്നങ്ങളുടെ താങ് വില ഉല്‍പാദന ചിലവിന്റെ 50 ശതമാനത്തില്‍ അധികമാക്കുക തുടങിയ ആവശ്യങ്ങളുന്നയിച്ച് ഈ മാസം മൂന്നിനാണ് ഭാരതീയ കിസാന്‍ സംഘര്‍ഷ് സമിതി ഡല്‍ഹി ജന്തര്‍മന്ദറില്‍ സമരം ആരംഭിച്ചത്.

കനത്ത മഴയിലും ചൂടിലും 10 ദിവസം പിന്നിട്ടിട്ടും ആരും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചെവി തരാതിരുന്നതോടെയാണ് സമര രീതിയില്‍ മാറ്റം വരുത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. മികച്ച കര്‍ഷക വിരുദ്ധ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ പ്രഖ്യാപിച്ചായിരുന്നു തുടക്കം. പിന്നീട് അവാര്‍ഡിന് അര്‍ഹനാക്കിയ മോദിയുടെ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തി മോദിക്കൊരു മെയില്‍. ശേഷമായിരുന്നു അവാര്‍ഡ് ദാന ചടങ്ങ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങലില്‍ നിന്നുള്ള കര്‍ഷകരുടെയും 62 കര്‍ഷക സംഘടനകളുടെയും സംയുക്ത കൂട്ടായമയാണ് ഭാരതീയ കിസാന്‍ സംഘര്‍ഷ് സമിതി. നീതി ലഭിക്കും വരെ സമരം തുടരാനാണ് സമിതിയുടെ തീരുമാനം.