ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച് ശ്രദ്ധേയമായ സിനിമാ നിര്‍മാണ കമ്പനിയായ ‘ഓഗസ്റ്റ് സിനിമ’യില്‍നിന്ന് പൃഥ്വിരാജ് പിന്‍മാറുന്നു. ആറുവര്‍ഷത്തിലേറെക്കാലം കമ്പനിയില്‍ പൃഥ്വിരാജിന്റെ പങ്കാളിത്തമുണ്ടായിരുന്നു. പുതിയൊരു ദിശയില്‍ യാത്ര ആംഭിക്കാന്‍ സമയമായതുകൊണ്ടാണ് പിന്മാറാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു. ഒരുപിടി ഓര്‍മകളും ഹൃദയം നിറയെ കൃതജ്ഞതയുമായി ഓഗസ്റ്റ് സിനിമയോട് വിടപറയുകയാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. കമ്പനിയുടെ അഭ്യുദയകാംക്ഷികളില്‍ അഗ്രസ്ഥാനത്ത് താന്‍ എന്നുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2011ലാണ് ഓഗസ്റ്റ് സിനിമാ കമ്പനിയുടെ തുടക്കം. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഉറുമിയായിരുന്നു ആദ്യ സംരംഭം. ഇതില്‍ പൃഥ്വിരാജ് തന്നെയായിരുന്നു നായകന്‍. കമ്പനിയുടെ രണ്ടാമത്തെ ചിത്രമായ ഇന്ത്യന്‍ റുപ്പി സംസ്ഥാന അവാര്‍ഡ് നേടി. ബോക്‌സോഫീസില്‍ മികച്ച കലക്ഷന്‍ നേടിയ ചിത്രം കൂടിയാണിത്. മമ്മൂട്ടി നായകനായ കടല്‍ കടന്നൊരു മാത്തുക്കുട്ടിയായിരുന്നു മൂന്നാമത്തെ ചിത്രം.