ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കെതിരെ അങ്കത്തട്ടിലിറങ്ങുന്ന പ്രിയങ്കഗാന്ധിക്ക് മുന്നിലുള്ള ആദ്യ ദൗത്യം ബി.ജെ.പിയില്‍ നിന്ന് വരുണഗാന്ധിയെ കോണ്‍ഗ്രസിലെത്തത്തിക്കണമെന്നതാണെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ ആദ്യദൗത്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദേശീയമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.
ബി.ജെ.പിയില്‍ വരുണ്‍ ഗാന്ധിയെ അടര്‍ത്തിയെടുത്ത് കോണ്‍ഗ്രസിലേക്ക് എത്തിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. നിലവില്‍ സുല്‍ത്താന്‍പൂരിലെ ബി.ജെ.പി എം.പിയായ വരുണിനെ പാര്‍ട്ടിയില്‍ തഴയുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇത് മുതലെടുത്ത് പുറത്തുചാടിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഈ ദൗത്യം പ്രിയങ്കഗാന്ധിക്ക് നിറവേറ്റാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
എന്നാല്‍ വരുണിന്റെ അമ്മയും കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി ഈ നീക്കത്തിന് തടസമായിരിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതേസമയം, മനേക ഗാന്ധിക്ക് ഇത്തവണ ബി.ജെ.പി മത്സരിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസ് നീക്കത്തിന് കരുത്ത് പകര്‍ന്നേക്കും. മനേകയും സോണിയാ ഗാന്ധിയും തമ്മിലുള്ള ബന്ധം ഊഷ്മളമല്ലെങ്കിലും രാഹുല്‍ ഗാന്ധി, പ്രിയങ്ക എന്നിവര്‍ക്ക് വരുണുമായി ഉറച്ച സൗഹൃദമുണ്ട്. രാഷ്ട്രീയ പ്രസംഗങ്ങളില്‍ ഗാന്ധി കുടുംബത്തെ കടന്നാക്രമിക്കണമെന്ന ബി.ജെ.പി നേതൃത്വത്തിന്റെ ആവശ്യം എക്കാലവും വരുണ്‍ നിഷേധിച്ചിരുന്നു.
പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്ക് വരണമെന്നത് ദീര്‍ഘനാളായി കോ്ണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവശ്യമാണ്. മോദിയെ താഴേയിറക്കി തിരികെ ഗുജറാത്തിലേക്ക് അയക്കാന്‍ പ്രിയങ്കയെ കൊണ്ട് സാധിക്കുമെന്നാണ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നതെന്ന് വാരണാസിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കാശിയില്‍ നിന്ന് പ്രിയങ്ക മത്സരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. വന്‍ ഭുരിപക്ഷത്തോടെ തന്നെ അവര്‍ വിജയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിലൂടെ ഊര്‍ജ്ജവും പരിചയസമ്പത്തും സമന്വയിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
Be the first to write a comment.