ഇന്‍ഡോര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയെ അനുകൂലിച്ച് ആരവം മുഴക്കിയ ബി.ജെ.പി പ്രവര്‍ത്തകരോട് വ്യത്യസ്തമായ സമീപനം പുലര്‍ത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്‍ഡോറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോക്കിടെയാണ് സംഭവം. വഴിയരികില്‍ മോദി മോദി എന്ന് ആരവം ഉയര്‍ത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ കണ്ടപ്പോള്‍ പ്രിയങ്ക ഗാന്ധി വാഹനത്തില്‍ നിന്നിറങ്ങി അവര്‍ക്ക് കൈ നല്‍കുകയായിരുന്നു.

റോഡ് ഷോ നടന്നു കൊണ്ടിരിക്കെ വഴിയരികില്‍ മോദി ആരവം ഉയര്‍ത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ കണ്ടതോടെ പ്രിയങ്ക ഗാന്ധി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങി അവരെ സ്‌നേഹത്തോടെ സമീപിച്ച പ്രിയങ്ക അവരെ ഹസ്തദാനം ചെയ്താണ് മടങ്ങിയത്. പ്രിയങ്കയുടെ വേറിട്ട രീതിയിലുള്ള പെരുമാറ്റത്തെ പുകഴ്ത്തുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയ.