ബംഗളൂരു: കര്‍ണാടക നിയമസഭാ പ്രോടേം സ്പീക്കറായി കെ.ജി ബൊപ്പയ്യയെ തുടരാന്‍ സുപ്രീംകോടതി അനുവദിച്ചതോടെ കര്‍ണാടക വിഷത്തില്‍ കണ്ണുകളെല്ലാം മൂന്നു തവണ ബി.ജെ.പി എം.എല്‍.എയും മുന്‍ സ്പീക്കറുമായ ബൊപ്പയ്യയിലേക്ക് തിരിയുകയാണ്.

വിശ്വാസ വോട്ടെടുപ്പെന്ന നിര്‍ണായക സംഭവം നിയന്ത്രിക്കാനാണ് മൂന്നു തവണ ബി.ജെ.പി എം.എല്‍.എയും മുന്‍ സ്പീക്കറുമായ വിരാജ്‌പേട്ടില്‍ നിന്നുള്ള കെ.ജി ബൊപ്പയ്യയെ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല പ്രോട്ടം സ്പീക്കറായി നിയമിച്ചത്. പരമ്പരാഗത രീതി അനുസരിച്ച് സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ കോണ്‍ഗ്രസിലെ ആര്‍.വി ദേശ്പാണ്ഡെയെയാണ് നിയമിക്കേണ്ടത്.

എന്നാല്‍ എട്ടു തവണ എം. എല്‍.എയായ ദേശ്പാണ്ഡെയെ മറികടന്ന് മുന്‍ എ.ബി.വി.പി, ആര്‍.എസ്.എസ് അംഗമായിരുന്ന ബൊപ്പയ്യയെ നിയമിച്ചതിന് പിന്നില്‍ ബി. ജെ.പിക്ക് ചില കാരണങ്ങളുണ്ട്.

2008ല്‍ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ബൊപ്പയ്യ ഒരു വര്‍ഷത്തിനു ശേഷം ജഗദീഷ് ഷെട്ടാര്‍ യെദ്യൂരപ്പക്കെതിരെ കലാപവുമായി എത്തിയ സമയത്ത് സ്പീക്കറാവുകയും ചെയ്തു.
2009-2013 കാലയളവില്‍ കര്‍ണാടക സ്പീക്കറായിരുന്നു ബെ ാപ്പയ്യ. മുഖ്യമന്ത്രി യെദ്യൂരപ്പയുടെ ഏറ്റവും വലിയ വിശ്വസ്തനായാണ് ഇയാള്‍ അറിയപ്പെടുന്നത്. 2010 ഒക്ടോബറില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെ റെഡ്ഢി സഹോദരന്‍മാരുടെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് യെദ്യൂരപ്പയുടെ നേതൃത്വത്തെ ചോദ്യം ചെയ്തു ബി. ജെ. പി എം. എ ല്‍. എമാരില്‍ ചിലര്‍ രംഗത്തു വന്നു.

എന്നാല്‍ വിവാദ നീക്കത്തിലൂടെ ബൊപ്പയ്യ വിമത സ്വരമുയര്‍ത്തി സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ച 11 ബി.ജെ.പി എം. എല്‍.എമാരേയും അഞ്ച് സ്വതന്ത്ര എം. എല്‍.എമാരേയും അയോഗ്യരാക്കി. ബൊപ്പയ്യയുടെ നീക്കം പക്ഷപാതിത്തപരമാണെന്ന് കോടതി നീരീക്ഷിച്ചിരുന്നു. ഈ നീക്കം ബി.ജെ.പി സര്‍ക്കാറിനെ അവിശ്വാസം നേരിടാതെ രക്ഷപ്പെടാന്‍ അവസരമൊരുക്കുകയും ചെയ്തു.

വിശ്വാസ വോട്ട് സമയത്ത് ബൊപ്പയ്യ നടത്തിയ നീക്കത്തെ സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. ബൊപ്പയ്യയുടെ തീരുമാനം സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ച് നില്‍ക്കാന്‍ ഏറ്റവും യോജിച്ച വ്യക്തി എന്ന നിലയിലാണ് ബൊപ്പയ്യയെ ബി.ജെ.പി പ്രോട്ടം സ്പീക്കറായി നിയമിച്ചതെന്ന കാര്യത്തില്‍ സംശയമില്ല.

കെ.ജി ബൊപ്പയ്യയുടെ ഈ ചരിത്രം കാണിച്ചാണ് കോണ്‍ഗ്രസ് ഇന്ന് സുപ്രീംകോടതിയില്‍ എത്തിയത്. കെ.ജി ബൊപ്പയ്യയുടെ ചരിത്രം മറ്റൊന്നാണെന്നും അദ്ദേഹത്തിന്റെ തീരുമാനം മുമ്പ് സുപ്രീംകോടതി റദ്ദാക്കേണ്ടി വന്നിട്ടുണ്ടെന്നും കോണ്‍ഗ്രസിനു വേണ്ടി കപില്‍ സിബല്‍ വാദിക്കുകയുമുണ്ടയി.

എന്നാല്‍ ബൊപ്പയ്യയുടെ നിയമനം പരിശോധിക്കണമെങ്കില്‍ നോട്ടീസ് നല്‍കേണ്ടി വരുമെന്നായി കോടതി. അങ്ങനെയെങ്കില്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നാണ് ബൊപ്പയ്യ തന്നെ പ്രോടേം സ്പീക്കറായി തുടരേണ്ട സാഹചര്യമുണ്ടായത്.
അതേസമയം പ്രോടേം സ്പീക്കറായി കെ.ജി ബൊപ്പയ്യയെ തുടരാന്‍ സുപ്രീംകോടതി അനുവദിച്ചെങ്കിലും സഭാനടപടി തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്്.
ജഡ്ജിമാരായ എസ്.എ ബോബ്ഡെ, എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ പ്രത്യേക ബഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്.