വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിലക്കിനെതിരെ ഗൂഗിള്‍ ജീവനക്കാരുടെ പ്രതിഷേധ മാര്‍ച്ച്. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മാര്‍ച്ചില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. സിറിയ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തി ട്രംപിന്റെ പുതിയ ഉത്തരവ് പുറത്തുവന്നത്. എന്നാല്‍ ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതി ഉത്തരവ് ഭാഗികമായി സ്‌റ്റേ ചെയ്തിട്ടുണ്ട്.

രണ്ടായിരത്തോളം വരുന്ന ഗൂഗിള്‍ ജീവനക്കാരാണ് കാലിഫോര്‍ണിയയില്‍ ട്രംപിന്റെ ഉത്തരവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചെയ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിരുന്നു. ഗൂഗിളിന്റെ 187 ജീവനക്കാരെ നിലവില്‍ ഉത്തരവ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഉത്തരവ് ബാധിച്ചവരെ തിരിച്ചുകണ്ടുവരുന്നതിന് വേണ്ട നടപടികള്‍ കൊക്കൊള്ളുമെന്നാണ് ഗൂഗിളിന്റെ നിലപാട്. ട്രംപിന്റെ ഉത്തരവിനെതിരെ വിവിധ ടെക്‌നോളജി കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഏഴു ഇസ്‌ലാം രാഷ്ട്രങ്ങള്‍ക്ക് അമേരിക്കയിലേക്ക് വിസ നിഷേധിച്ചുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് പുറത്തുവരുന്നത്. തുടര്‍ന്ന് അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ ആളുകള്‍ കുടങ്ങിക്കിടന്നു. ഇതിനെതിരെ വിമാനത്താവളങ്ങളിലുള്‍പ്പെടെ പ്രതിഷേധം ശക്തമായി. തുടര്‍ന്നാണ് ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതി ഉത്തരവ് ഭാഗികമായി സ്‌റ്റേ ചെയ്തത്.