തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയലുകളെല്ലാം ഇ-ഫയലുകളാണെന്ന സര്‍ക്കാര്‍ വാദം തെറ്റ്. പ്രോട്ടോക്കോള്‍ ഓഫിസിലെ വി.ഐ.പി പരിഗണന, നയതന്ത്രാനുമതി, ഗസ്റ്റ് ഹൗസുകളിലെ റൂം അനുവദിക്കല്‍ തുടങ്ങിയവയുടെ ആദ്യ ഘട്ട ഫയലുകള്‍ ഇപ്പോഴും പേപ്പര്‍ ഫയലുകള്‍ തന്നെയാണ് .എന്നാല്‍ കത്തി നശിച്ചവയില്‍ നിര്‍ണായക വിവരങ്ങളുള്ള ഫയലുകളില്ലെന്നാണ് സെക്രട്ടറിയേറ്റില്‍ നിന്നുള്ള ഔദ്യോഗിക വിശദീകരണം.

പേപ്പര്‍ രഹിത കംപ്യൂട്ടര്‍ ഫയലുകളായ ഇ ഫയലുകളും മാനുവല്‍ രീതിയിലുള്ള പേപ്പര്‍ ഫയലുകളും എന്നീ രണ്ടു തരത്തിലുള്ള ഫയലുകളാണ് സെക്രട്ടേറിയറ്റില്‍ ഉള്ളത് . നിര്‍ണായക പ്രാധാന്യമുള്ള ഫയലുകള്‍ കൈകാര്യം ചെയ്യുന്ന പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗത്തിലെ ആദ്യ ഘട്ട ഫയലുകളായ ബാക്ക് അപ് ഫയലുകളെല്ലാം പേപ്പര്‍ ഫയലുകളാണ്. നയതന്ത്ര പാഴ്‌സലുകളുടെ അനുമതി ചോദിച്ചു കൊണ്ടുള്ള കോണ്‍സുലേറ്റുകളുടെ കത്തുകള്‍, വി.ഐ.പി പരിഗണന ആവശ്യപ്പെട്ടുള്ള കത്തുകള്‍,ഗസ്റ്റ് ഹൗസ് മുറികള്‍ ആവശ്യപ്പെട്ടുള്ള കത്തുകള്‍, അടിയന്തര അനുമതി ആവശ്യമുള്ള കാര്യങ്ങള്‍ എന്നിവ ഉദാഹരണങ്ങള്‍. ഇതു രണ്ടാം ഘട്ടത്തിലാണ് ഇ-ഫയലുകളായി മാറുന്നത്.

തീപിടുത്തമുണ്ടായ പൊതുഭരണ വകുപ്പ് പൊളിറ്റിക്കലിന് മൂന്നു വിഭാഗങ്ങളാണുള്ളത്. ഇതില്‍ പൊളിറ്റിക്കല്‍ 2 എ വിഭാഗത്തില്‍ വി.ഐ.പി സന്ദര്‍ശനം, ഗസ്റ്റ് ഹൗസുകളിലെ റൂം, അനുവദിക്കല്‍ മന്ത്രിമാരുടെ ആതിഥേയ ചെലവുകള്‍ എന്നിവയും 2 ബി വിഭാഗത്തില്‍ സര്‍ക്കാരിന്റ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക കാര്യങ്ങളും പൊളിറ്റിക്കല്‍ 5 വിഭാഗത്തില്‍ മന്ത്രിമാരുടെ യാത്രാ വിവരങ്ങള്‍, വി.വി.ഐ.പി പരിഗണന, സന്ദര്‍ശനങ്ങള്‍ ,മറ്റു നയതന്ത്ര അനുമതികള്‍ എന്നീ ഫയലുകളുമാണ് കൈകാര്യം ചെയ്യുന്നത്.നേരത്തെ എന്‍.ഐ.എ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ നയതന്ത്ര പാഴ്‌സലിനു അനുമതി നല്‍കിയതും, ചോദിച്ചെത്തിയതുമായ രണ്ടു തരത്തിലുള്ള ഫയലുകളും ആവശ്യപ്പെട്ടിരുന്നു. ആദ്യ തവണ രണ്ടു വര്‍ഷത്തേയും, പിന്നീട് 2016 മുതലുള്ള മുഴുവന്‍ ഫയലുകളും എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ എം.എസ്.ഹരികൃഷ്ണന്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫിസില്‍ നേരിട്ടെത്തിയാണ് വിവരങ്ങള്‍ കൈമാറിയത്. തൊട്ടുപിന്നാലെയുണ്ടായ തീപിടുത്തമാണ് വിവാദമായത്.